മഞ്ചേരി: ഇൻഷുറൻസ് കമ്പനി ചികിത്സ ചെലവ് നൽകിയില്ലെന്ന പരാതിയിൽ 45,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ വിധിച്ചു. മമ്പാട് പുളിക്കലൊടി പുലത്ത് പുലിക്കോട്ടിൽ ശിഹാബുദ്ദീൻ നൽകിയ പരാതിയിലാണ് നിവ ബുപ ആരോഗ്യ ഇൻഷുറൻസ് കമ്പനിക്കെതിരെ വിധി. വണ്ടൂർ ഫെഡറൽ ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് ആരോഗ്യ സഞ്ജീവനി എന്ന ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കാൻ പറഞ്ഞതനുസരിച്ചാണ് 2021 ഡിസംബർ ആറ് മുതൽ ഒരു വർഷത്തേക്ക് 8831 രൂപയുടെ പ്രീമിയം അടച്ചത്.
2022 സെപ്റ്റംബറിൽ ന്യുമോണിയ ബാധിച്ച് ചികിത്സ തേടിയതിന്റെ ചികിത്സ ചെലവായ 15,000 രൂപ നൽകിയില്ലെന്നായിരുന്നു പരാതി. ചികിത്സ ചെലവ് 15,000 രൂപയും നഷ്ടപരിഹാരമായി 20,000 രൂപയും കോടതി ചെലവായി 10,000 രൂപയും ഉൾപ്പെടെയാണ് നഷ്ടപരിഹാരം നൽകേണ്ടതെന്ന് കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ ജില്ല ഉപഭോക്തൃ കമീഷന് ഉത്തരവില്‍ പറഞ്ഞു. പരാതിക്കാരനു വേണ്ടി അഡ്വ. മുഹമ്മദ് ഷഹീൻ മമ്പാട് ഹാജരായി.