നൂ​റി​ന്റെ നി​റ​ശോ​ഭ​യി​ൽ അ​ബൂ​ബ​ക്ക​റി​ന്റെ നൂ​റ് വ്യ​വ​സാ​യം

നൂ​റി​ന്റെ നി​റ​ശോ​ഭ​യി​ൽ അ​ബൂ​ബ​ക്ക​റി​ന്റെ നൂ​റ് വ്യ​വ​സാ​യം

പ​ര​പ്പ​ന​ങ്ങാ​ടി: ഇ​ത്തി​ൾ കു​മ്മാ​യ കു​ടി​ൽ വ്യ​വ​സാ​യ യൂ​നി​റ്റു​ക​ൾ ഓ​ർ​മ​ക​ളി​ലേ​ക്ക് മാ​ഞ്ഞി​ട്ടും പ​ര​പ്പ​ന​ങ്ങാ​ടി ക​രി​ങ്ക​ല്ല​ത്താ​ണി​യി​ലെ മാ​ളി​യേ​ക്ക​ൽ ഇ​ത്തി​ൾ ചെ​റു​കി​ട കു​ടി​ൽ വ്യ​വ​സാ​യം നൂ​റ്റാ​ണ്ട് പി​ന്നി​ട്ട് മു​ന്നോ​ട്ട്. എ​ട്ടാം വ​യ​സ്സി​ൽ പ​ഠ​നം നി​ർ​ത്തി പി​താ​വ് കു​ഞ്ഞ​വ​റാ​ൻ കു​ട്ടി​യോ​ടൊ​പ്പം ഇ​ത്തി​ൾ സം​സ്ക​രി​ച്ച് കു​മ്മാ​യം പ​ണി​യു​ന്ന ചൂ​ള​യി​ൽ പ​ണി​തു​ട​ങ്ങി​യ​താ​ണ് മാ​ളി​യേ​ക്ക​ൽ അ​ബൂ​ബ​ക്ക​ർ. ഇ​പ്പോ​ൾ 63ാം വ​യ​സി​ലും ഇ​ത്തി​ൾ വ്യ​വ​സാ​യ​ത്തി​ന്റെ നി​റ​ശോ​ഭ​യി​ലാ​ണ് അ​ബൂ​ബ​ക്ക​ർ. സ​ഹാ​യി​യാ​യി അ​ന്ത​ർ സം​സ്ഥാ​ന ജോ​ലി​ക്കാ​ര​നും മ​ക​നും ഭാ​ര്യ​യും വ​ർ​ഷ​ങ്ങ​ളാ​യി കൂ​ടെ​യു​ണ്ട്. വെ​റ്റി​ല മു​റു​ക്കി​നൊ​പ്പം ചു​ണ്ണാ​മ്പ് (നൂ​റ്) ചേ​ർ​ക്കാ​നും ചു​വ​രു​ക​ൾ ചാ​യം പൂ​ശാ​നും ഇ​ത്തി​ൾ കു​മ്മാ​യം ഉ​പ​യോ​ഗി​ച്ച​തും വെ​ള്ളം ശു​ദ്ധീ​ക​രി​ക്കാ​നും, പൂ​പ്പ​ൽ പോ​വാ​നും ഇ​ത്തി​ൾ ഉ​പ​യോ​ഗി​ച്ച​തും പ​ഴ​യ ഓ​ർ​മ​ക​ൾ.

ലി​ല്ലീ​സം, ഡി​സ്റ്റ​മ്പ​ർ, ബ്ലീ​ച്ചി​ങ് പൗ​ഡ​ർ, സി​മ​ന്റ് എ​ന്നി​വ​ക്ക് പ​ക​ര​മാ​യി​രു​ന്നു പ​ണ്ട് ഇ​ത്തി​ൾ കു​മ്മാ​യം. പു​തി​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​പ​ണി കീ​ഴ​ട​ക്കി​യ​തോ​ടെ പ​ല യൂ​നി​റ്റു​ക​ളും ഇ​ല്ലാ​താ​യി. എ​ന്നാ​ൽ, പു​തു​സാ​ധ്യ​ത​ക​ൾ തേ​ടി അ​ബൂ​ബ​ക്ക​ർ പി​ടി​ച്ചു നി​ന്നു. തൊ​ട്ട​ടു​ത്തെ ക​ട​ലു​ണ്ടി പു​ഴ​യി​ൽ എ​രു​ന്ത് അ​ടി​യു​ന്ന സീ​സ​ണു​ക​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തോ​ടൊ​പ്പം സ്ഥി​ര​മാ​യി പു​റ​ത്തൂ​ർ കാ​യ​ലി​ലെ എ​രു​ന്ത് ചി​പ്പി​ക​ളാ​ണ് പ്ര​ധാ​ന അ​സം​സ്കൃ​ത വ​സ്തു. പു​ഴ​ക​ളി​ലും തോ​ടു​ക​ളി​ലും എ​രു​ന്തു വാ​രു​ന്ന​വ​ർ ഇ​റ​ച്ചി എ​ടു​ത്ത് പു​റ​ത്ത് ക​ള​യു​ന്ന തോ​ട് കി​ലോ​ക്ക് പ​ത്തു രൂ​പ തോ​തി​ലാ​ണ് ഇ​വി​ടെ തൂ​ക്കി​വാ​ങ്ങു​ന്ന​ത്. അ​ത് മ​ര​ക്ക​രി ഉ​പ​യോ​ഗി​ച്ച് ചൂ​ള​യി​ലി​ട്ട് സം​സ്ക​രി​ച്ചെ​ടു​ത്ത് 18 രൂ​പ കി​ലോ നി​ര​ക്കി​ലാ​ണ് വി​ൽ​ക്കു​ന്ന​ത്. നൂ​റു​വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് പി​താ​മ​ഹ​ൻ മൊ​യ്തീ​ൻ കു​ട്ടി തു​ട​ക്ക​മി​ട്ട ഇ​ത്തി​ൾ കു​മ്മാ​യ നി​ർ​മാ​ണ സം​രം​ഭം പി​താ​വ് അ​വ​റാ​ൻ കു​ട്ടി​യി​ലൂ​ടെ തു​ട​ർ​ന്ന് അ​ബൂ​ബ​ക്ക​റി​ന്റെ കൈ​ക​ളി​ലൂ​ടെ ത​ല​മു​റ​ക​ളി​ലേ​ക്ക് പ​ക​ര​ണ​മെ​ന്നാ​ണ് മാ​ളി​യേ​ക്ക​ൽ കു​ടും​ബം ക​രു​തു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *