കാളികാവ്: തകർന്ന് ഗതാഗതം ദുരിതമായ കാളികാവ് പഴയപാലം ടാറിങ് നടത്താൻ തീരുമാനം. വണ്ടൂർ-കാളികാവ് റോഡിന്റെ രണ്ടാം ഘട്ട ടാറിങ്ങിലാണ് പാലം നവീകരണം കൂടി ഉൾപ്പെടുത്തുന്നത്. റോഡ് നവീകരണം നടക്കുമ്പോഴും പഴയ പാലം നവീകരിക്കാത്തതിൽ കാളികാവ് അങ്ങാടി ഭാഗത്ത് പ്രതിഷേധം ഉയർന്നിരുന്നു.
എം.പി ഫണ്ട് ഉപയോഗിച്ച് 11. 7 കിലോമീറ്റർ റോഡ് 12 കോടിയുടെ ചെലവിലാണ് നവീകരണം നടക്കുന്നുണ്ട്. ഇതിൽ പഴയ പാലം മേൽപ്പാലം ടാറിങ് ഉൾപ്പെട്ടിരുന്നില്ല. നാട്ടുകാർ പ്രതിഷേധിച്ചതോടെ എം.എൽ.എ ഇടപെട്ടാണ് പാലം ടാറിങ് കൂടി ഉൾപ്പെടുത്തിയത്.
പാലം നവീകരണത്തിന് പൊതുമരാമത്ത് വകുപ്പ് 25 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിച്ചെങ്കിലും തുടർ നടപടിയുണ്ടായില്ല. പാലത്തിൽ നിറയെ കുണ്ടും കുഴിയും അതിൽ ചെളിവെള്ളവും കെട്ടി നിൽക്കുന്ന സ്ഥിതിയാണ്. ഏറ്റവും തിരക്കേറിയ വണ്ടൂർ-കാളികാവ് റോഡിലെ തീരെ വീതി കുറഞ്ഞതും രണ്ടു വാഹനങ്ങൾ ഒരേ സമയം കടന്നു പോകാൻ പറ്റാത്തതുമായ പാലമായതിനാൽ ഇവിടെ മിക്കപ്പോഴും ഗതാഗത തടസ്സമുണ്ടാകുന്നുണ്ട്. പാലം വീതികൂട്ടി ഗതാഗത തടസ്സം ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.