തിരൂർ: ഈ വർഷത്തെ വിദ്യാരംഭത്തോടനുബന്ധിച്ചുള്ള തുഞ്ചൻ കലോത്സവം vidyarambham ഒക്ടോബർ ഒന്നുമുതൽ അഞ്ച് വരെ തിരൂർ തുഞ്ചൻ പറമ്പിൽ നടക്കും.കുട്ടികളുടെ വിദ്യാരംഭവും കവികളുടെ വിദ്യാരംഭവും വിജയദശമി ദിവസമായ ഒക്ടോബർ അഞ്ചിന് നടക്കും.
ശനിയാഴ്ച വൈകീട്ട് അഞ്ചിന് നടൻ വി.കെ. ശ്രീരാമൻ ഉദ്ഘാടനം ചെയ്യും. തുഞ്ചൻ സ്മാരക ട്രസ്റ്റ് ചെയർമാൻ എം.ടി. വാസുദേവന് നായർ അധ്യക്ഷത വഹിക്കും. വൈകീട്ട് ആറിന് ഷാജി കുഞ്ഞൻ അവതരിപ്പിക്കുന്ന ഗസൽ സന്ധ്യയും എട്ടിന് മഞ്ജു വി. നായരും സംഘവും അവതരിപ്പിക്കുന്ന ഭരതനാട്യവും അരങ്ങേറും.ഞായറാഴ്ച വൈകീട്ട് 5.30ന് വയലിൻ സോളോയും ഏഴിന് സർഗവിരുന്നും ഒമ്പതിന് നൃത്തനൃത്യങ്ങളും അരങ്ങേറും.
തിങ്കളാഴ്ച വൈകീട്ട് 5.30ന് കൃഷ്ണൻ പച്ചാട്ടിരിയും ഗോപി മണമ്മലും സംഘവും അവതരിപ്പിക്കുന്ന കളേഴ്സ് ഓഫ് സോളോയും ഏഴിന് നൃത്താർച്ചനയും 8.30ന് നൃത്തനൃത്യങ്ങളും അരങ്ങേറും. ചൊവ്വാഴ്ച വൈകീട്ട് 5.30ന് മയൂരനൃത്തങ്ങൾ, 6.30ന് നൃത്തനൃത്യങ്ങൾ, എട്ടിന് സംഗീതവിരുന്നും അരങ്ങേറും. സമാപന ദിവസമായ ഒക്ടോബർ അഞ്ച് ബുധനാഴ്ച രാവിലെ അഞ്ചിന് തുഞ്ചൻ സ്മാരക മണ്ഡപത്തിലും സരസ്വതി മണ്ഡപത്തിലും കുട്ടികളുടെ വിദ്യാരംഭം ആരംഭിക്കും.