മഞ്ചേരി മെഡിക്കൽ കോളജിന്റെ ഭാഗമായി ആരംഭിച്ച നഴ്സിങ് കോളജിൽ 60 വിദ്യാർഥികൾക്ക് പ്രവേശനം നൽകുമെന്ന് മന്ത്രി വീണ ജോർജ്. പൊന്മുണ്ടം കുടുംബാരോഗ്യ കേന്ദ്രത്തിന് രണ്ടുകോടി രൂപ ചെലവിൽ പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി. മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. മഞ്ചേരി മെഡിക്കൽ കോളജിൽ പി.ജി പഠനം ആരംഭിച്ചത് സർക്കാറിന്റെ നേട്ടമാണെന്നും മന്ത്രി പറഞ്ഞു.
ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കേരളത്തിലെ 13 ജില്ലകളിലും കാത്ത് ലാബ് സൗകര്യം ഒരുക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണ്. ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തി ഏറ്റവും കൂടുതൽ ഹൃദയ ശസ്ത്രക്രിയ നടത്തിയത് ജില്ലയിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജില്ല പഞ്ചായത്ത് അംഗം ശ്രീദേവി പ്രാക്കുന്ന്, താനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. അഷ്റഫ്, പൊന്മുണ്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. ഉമ്മർ ഹാജി, സ്ഥിരം സമിതി അധ്യക്ഷരായ സീനത്ത് തേറമ്പത്ത്, സക്കീന പുതുക്കലേങ്ങൽ, കെ.പി. സൈനുദ്ദീൻ, ബ്ലാക്ക് പഞ്ചായത്ത് അംഗങ്ങളായ നിധിൻദാസ്, പഞ്ചായത്ത് അംഗങ്ങളായ ഖദീജ, ആർ. കോമുക്കുട്ടി, ഡി.പി.എം ഡോ. ടി.എൻ. അനൂപ്, തിരൂർ അർബൻ കോഓപറേറ്റിവ് ബാങ്ക് ചെയർമാൻ ഇ. ജയൻ, കെ.കെ. വേലായുധൻ തുടങ്ങിയവർ സംസാരിച്ചു.