മലപ്പുറം: വനനിയമ ഭേദഗതി ബിൽ ഉപേക്ഷിക്കാനുള്ള സർക്കാർ തീരുമാനം പി.വി. അൻവറിന്റെ രാഷ്ട്രീയനീക്കങ്ങൾകൂടി കണക്കിലെടുത്തെന്ന് സൂചന. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വന്യജീവി ആക്രമണവും കർഷകരുടെ ദുരിതവും മുഖ്യചർച്ചയാകുമെന്ന് പ്രതീക്ഷിക്കപ്പെടുമ്പോഴാണ് സർക്കാർ നിയമഭേദഗതിയിൽനിന്ന് പിന്നാക്കംപോകുന്നത്.
വനംവകുപ്പിന് കൂടുതൽ അധികാരം നൽകുന്ന നിയമഭേദഗതിക്കെതിരെ യു.ഡി.എഫ് പ്രതികരിക്കും മുമ്പ് പി.വി. അൻവറാണ് മലയോര മേഖലയിൽ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചതിനെത്തുടർന്ന് നിലമ്പൂരിലെ വനംവകുപ്പ് ഓഫിസ് ആക്രമിച്ച കേസിൽ അൻവറിനെ അറസ്റ്റ് ചെയ്തതും ജയിലിലടച്ചതും വലിയ വിവാദമായിരുന്നു.ഇത് അൻവറിന് പ്രതിപക്ഷ പിന്തുണയാർജിക്കാനും വനനിയമഭേദഗതിക്കെതിരെ എതിർപ്പ് ശക്തമാക്കാനും സാധിച്ചു.
മലയോര മേഖലയെ ബാധിക്കുന്ന വന്യജീവി വിഷയം തദ്ദേശതെരഞ്ഞെടുപ്പിലടക്കം ചർച്ചയാക്കാനുള്ള തീരുമാനത്തിലാണ് യു.ഡി.എഫും. ഇതിനായി സമരം ശക്തമാക്കുന്നതിനിടെയാണ് വനനിയമഭേദഗതി ബിൽ പിൻവലിച്ച് മലയോരവാസികളുടെ പ്രതിഷേധം തണുപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നത്. അൻവർ ഉയർത്തിയ പ്രതിഷേധത്തിന്റെ വിജയമായിക്കൂടി സർക്കാർ പിന്മാറ്റം വ്യാഖ്യാനിക്കാമെന്നതിനാൽ യു.ഡി.എഫിന്റെ ഭാഗമാവാനുള്ള അദ്ദേഹത്തിന്റെ നീക്കങ്ങൾക്ക് ഗതിവേഗം കൂട്ടാൻ ഇതുപകരിക്കും. ബുധനാഴ്ച നിലമ്പൂരിലെത്തിയ അൻവർ, ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ വിജയത്തിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. അൻവർ ഉയർത്തിയ വെല്ലുവിളി മറികടന്നെന്ന് സി.പി.എം നേതാക്കൾ ആവർത്തിക്കുന്നുണ്ടെങ്കിലും നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പാർട്ടിക്ക് വെല്ലുവിളിയാണ്.