നിലമ്പൂർ: ജമാഅത്തെ ഇസ്ലാമിക്ക് നേരെയുള്ള മുഖ്യമന്ത്രിയുടെ വിമര്‍ശനത്തില്‍ പ്രതികരിച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്. എല്ലാ തെരഞ്ഞെടുപ്പുകളിലും ജമാഅത്തെ ഇസ്ലാമി സി.പി.എമ്മിനെ പിന്തുണച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 25 വർഷമായി ജമാഅത്തെ ഇസ്ലാമി സി.പി.എമ്മിനെയും എല്‍.ഡി.എഫിനെയുമാണ് പിന്തുണക്കുന്നതെന്ന് ജമാഅത്തെ ഇസ്ലാമി തന്നെ പറഞ്ഞിട്ടുണ്ട്.
ജമാഅത്തെ ഇസ്ലാമി എന്ന സംഘടന ആദ്യമായി വോട്ടു ചെയ്യാന്‍ എത്തുന്നത് തന്നെ കോൺഗ്രസിനെ അധികാരത്തില്‍നിന്ന് ഇറക്കാനാണ്. 1977ല്‍ ആണ് ആദ്യമായി ജമാഅത്തെ ഇസ്ലാമി വോട്ടു ചെയ്യുന്നത്. കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയമാണ് അവര്‍ പണ്ടുമുതലേ സ്വീകരിക്കുന്നത്. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അവരെ പിന്തുണക്കുന്നവര്‍ മതേതരവാദികളായിരിക്കും.
സി.പി.എമ്മിന്റെ അഴിമതിയെയും മനുഷ്യത്വ രഹിതമായ പ്രവര്‍ത്തനങ്ങളെയും എതിര്‍ക്കുന്നവര്‍ തീവ്രവാദികളായി മുദ്രകുത്തപ്പെടും. ഇത് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. ജമാഅത്തെ ഇസ്ലാമിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ രംഗത്തുവന്നിരുന്നു. മുഖ്യമന്ത്രിക്കുള്ള മറുപടിയായാണ് ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചത്. നിലമ്പൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.