നിലമ്പൂർ: ഉരുൾപൊട്ടലിൽ മരിച്ചവരുടെ ചിന്നിച്ചിതറിയ മൃതശരീരങ്ങളുമായി ആംബുലൻസുകൾ നിരനിരയായി നാടുകാണിച്ചുരം കയറിയത് ഹൃദയഭേദക കാഴ്ചയായി. കിലോമീറ്ററുകളോളം പുഴയിലൂടെ ഒഴുകിയെത്തിയ മൃതദേഹങ്ങളാണ് സ്വദേശത്തേക്കുതന്നെ മടക്കിയയച്ചത്. ചാലിയാറിൽനിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം രണ്ടു ദിവസങ്ങളിലായി നിലമ്പൂർ ജില്ല ആശുപത്രിയിൽ പൂർത്തീകരിച്ചത് അതിവേഗത്തിലായിരുന്നു.
പത്തു വീതം ആംബുലൻസുകളാണ് മൃതദേഹവുമായി കടത്തിവിട്ടുകൊണ്ടിരുന്നത്. വൈകീട്ട് 4.30ഓടെ ആംബുലൻസുകൾ മേപ്പാടിയിലെത്തി. ബന്ധുക്കൾക്ക് തിരിച്ചറിയാൻ സൗകര്യമൊരുക്കുന്നതിനാണ് മൃതദേഹങ്ങൾ വയനാട്ടിലേക്ക് മാറ്റിയതെന്ന് മലപ്പുറം ഡെപ്യൂട്ടി കലക്ടർ പി. സുരേഷ് അറിയിച്ചു.
കോഴിക്കോട്, തൃശൂർ, മഞ്ചേരി ഗവ. മെഡിക്കൽ കോളജുകളിൽനിന്നുള്ള ഫോറൻസിക് സംഘമാണ് വിശ്രമമില്ലാതെ പോസ്റ്റ്മോർട്ടത്തിന് നേതൃത്വം നൽകുന്നത്. ഇത്രയധികം മൃതദേഹങ്ങൾ ഒന്നിച്ച് പോസ്റ്റ്മോർട്ടം ചെയ്യേണ്ടിവരുന്ന അനുഭവം ആദ്യമാണെന്ന് ഡോക്ടർമാർ പ്രതികരിച്ചു.
57 പേരുടെ മൃതദേഹമാണ് ചൊവ്വാഴ്ച വൈകീട്ട് മാത്രം പോസ്റ്റ്മോർട്ടം ചെയ്തത്. ബുധനാഴ്ച പകലും പോസ്റ്റ്മോർട്ടം തുടർന്നു. മൃതദേഹങ്ങൾക്കായി നിലമ്പൂർ ആശുപത്രിയിൽ 63 ഫ്രീസറുകൾ ഒരുക്കിയിട്ടുണ്ട്.