പെരിന്തൽമണ്ണ: കനത്ത മഴയിലും മണ്ണിടിച്ചിൽ ഭീതിയിലും താഴെക്കോട് പഞ്ചായത്തിലെ ആദിവാസി കോളനികൾ. പാണമ്പി ഇടിഞ്ഞാടി കോളനിയിലാണ് കൂടുതൽ ദുരിതം. ഇവിടെ ചെങ്കുത്തായ മലമടക്കിൽ താൽക്കാലിക ഷെഡുകളിലാണ് കുടുംബങ്ങൾ കഴിയുന്നത്. ആദിവാസി കോളനികളിൽ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ സന്ദർശിച്ചു. ഇടിഞ്ഞാടി കോളനിയിലെ കുടുംബങ്ങളെ പാണമ്പിയിലെ ഓറ ഇംഗ്ലീഷ് സ്കൂളിലേക്ക് മാറ്റിയതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു.
മുള്ളൻമട കോളയിൽ ആറു കുടുംബങ്ങളും വാർഡ് മൂന്നിലെ ആറൻകുന്ന് കോളനിയിലും പഞ്ചായത്ത് അധികൃതരെത്തി. ആറൻകുന്നിൽ ഏഴു കുടുംബങ്ങളാണ്. ഇവരെ മാറ്റിപ്പാർക്കാൻ നിർദേശിച്ചു. മേലേച്ചേരിയിൽ പത്തുവീടുകളിൽ കുടുംബങ്ങൾ സുരക്ഷിതരാണ്. മാട്ടറയിലാണ് മറ്റൊരു കോളനി. ആറു കുടുംബങ്ങളാണ് ഇവിടെ. പാണമ്പിയിൽ ചെങ്കുത്തായ കുന്നിൻചെരിവിലെ കുടുംബങ്ങൾക്ക് പുതിയ വീടും സ്ഥലവും കണ്ടെത്തി പുനരധിവാസത്തിന് 2019ൽ സർക്കാർ ഒരു കോടി രൂപ അനുവദിച്ച് തുടങ്ങിയ പദ്ധതി ഇപ്പോഴും പൂർത്തിയായിട്ടില്ല. കോളനികളിൽ പ്രസിഡന്റ് കെ. പി. സോഫിയ, വൈസ് പ്രസിഡന്റ് മൊയ്തുപ്പു പുലാക്കൽ എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഭരണസമിതി സന്ദർശിച്ചു. ഷാജി പൊന്നേത്ത്, ഉമ്മർ ഫാറൂഖ്, ഷീല, ശ്രീദേവി എന്നിവരാണ് ആദിവാസി മേഖലയിൽ സന്ദർശനം നടത്തിയത്.