എടക്കര: മണ്ണിനോടും വന്യമൃഗങ്ങളോടും മല്ലടിച്ച് സഭ വിശ്വാസത്തിലൂന്നി ജീവിച്ച മലങ്കരയിലെ നസ്രാണികളാണ് സഭയുടെ ഇന്നത്തെ വളര്‍ച്ചക്ക് കാരണമായതെന്ന് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ. സഭയുടെ സപ്തതി ‘ലൂമിനറി 70’ ആഘോഷവും നസ്രാണി മഹാസംഗമവും ചുങ്കത്തറയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലബാര്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ പക്കേമിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മുഖ്യസന്ദേശം നല്കി.
ഭവനപദ്ധതിയുടെ പ്രഥമ താക്കോല്‍ ദാനം പി.വി. അന്‍വര്‍ എം.എല്‍.എ നിര്‍വഹിച്ചു. കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ് ലൂമിനറി സന്ദേശം നല്കി. സുല്‍ത്താന്‍ ബത്തേരി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവര്‍ഗീസ് മാര്‍ ബര്‍ണാബാസ്, താമരശ്ശേരി രൂപത ബിഷപ് റെമിജിയോസ് ഇഞ്ചനാനിയില്‍, മലബാര്‍ ഭദ്രാസന സഹായ മെത്രാന് മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്ത, ചാണ്ടി ഉമ്മന്‍ എം.എല്‍.എ, എം.ഡി. യൂഹാനോന്‍ റമ്പാന്, ഫാ. ബോബി പീറ്റര്‍, ഫാ. തോമസ് ജോസഫ്, ഫാ. തോമസ് വര്‍ഗീസ്, റോണി എബ്രഹാം, ഫാ. എന്‍.പി. ജേക്കബ്, ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന് ഷൗക്കത്ത്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എബിന് വര്‍ക്കി എന്നിവര്‍ സംസാരിച്ചു.