താനൂർ: വലിയപാടത്ത് ടയർ പഞ്ചറായതിനെ തുടർന്ന് പാചക വാതക ടാങ്കർ തട്ടുകടയിലേക്ക് ഇടിച്ചുകയറി. ചൊവ്വാഴ്ച രാത്രി 1.45നാണ് സംഭവം.
തട്ടുകടയിൽ ആളുകൾ കുറവായിരുന്നതിനാലും ഉള്ളവർ ഓടിമാറിയതിനാലും ദുരന്തം ഒഴിവായി. താനൂരിൽനിന്നും തിരൂർനിന്നും അഗ്നിരക്ഷസേന എത്തി ടാങ്കർ പരിശോധിച്ച് വാതക ചോർച്ച ഇല്ലെന്ന് ഉറപ്പുവരുത്തി. ഐ.ഒ.സിയിൽനിന്ന് സേഫ്റ്റി മാനേജറും സ്ഥലത്തെത്തി.
രാവിലെയോടെ ക്രെയിൻ ഉപയോഗിച്ച് ടാങ്കർ സുരക്ഷിതമായി അപകടസ്ഥലത്തുനിന്ന് മാറ്റി. താനൂർ ഫയർ സ്റ്റേഷനിലെ അസി. സ്റ്റേഷൻ ഓഫിസർ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫിസർ സതീഷ് കുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ദിനേഷ്, വിമൽ കുമാർ, ഫസ്ലു റഹ്മാൻ, ഹോം ഗാർഡ് രഞ്ജിഷ് കുമാർ എന്നിവർ ദൗത്യത്തിൽ പങ്കെടുത്തു.