പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ കൃത്രിമരേഖയുണ്ടാക്കി ഭൂമി മറിച്ചുവിൽപന നടത്തിയ കേസിൽ വ്യാജരേഖയുണ്ടാക്കിയയാൾ അറസ്റ്റിൽ. കരുവാരകുണ്ട് നീലാഞ്ചേരിയിലെ കുട്ടശ്ശേരി മുജീബ് റഹ്മാനെയാണ് (47) പെരിന്തൽമണ്ണ എസ്.ഐ എം. ശശികുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
മേലാറ്റൂരിലെ ഒരാൾകൂടി ഒപ്പമുണ്ടായിരുന്നെന്നും അദ്ദേഹം മരിച്ചുപോയെന്നും പ്രതി പറയുന്നുണ്ട്. ഇതുസംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി. പെരിന്തൽമണ്ണ പൊന്ന്യാകുർശ്ശിയിലെ കിഴക്കേതിൽ മുഹമ്മദ് സഈദുല്ല (65), ഭാര്യ സക്കീന സഈദ് (54) എന്നിവരാണ് കേസിൽ ഒന്നും രണ്ടും പ്രതികൾ. ഹൈകോടതി ഉത്തരവിനെ തുടർന്ന് ഒന്നാം പ്രതി പെരിന്തൽമണ്ണ പൊലീസിൽ ഹാജരായിരുന്നു. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. പ്രതിയിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മുജീബ് റഹ്മാൻ അറസ്റ്റിലായത്.
30/6, 30/7 എന്നീ സർവേ നമ്പറുകളിൽ ഉൾപ്പെട്ട ഭൂമി വ്യാജപട്ടയങ്ങൾ ഉപയോഗിച്ച് ഒന്നാം പ്രതി 13 പേർക്കും രണ്ടാംപ്രതി മൂന്നു പേർക്കും തീരുനൽകിയെന്നാണ് കേസ്.
വ്യാജ പട്ടയം എവിടെ നിർമിച്ചെന്നും ആരെല്ലാം സഹായികളായെന്നും കണ്ടെത്തേണ്ട കേസ് രണ്ടുവർഷത്തോളമായി അന്വേഷണഘട്ടത്തിലാണ്. ഭൂമിയുടെ അവകാശികളിലൊരാൾ നൽകിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. രണ്ട് പട്ടയങ്ങളും വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.
ഒന്നിൽ ആനക്കയത്തെയും രണ്ടാമത്തേതിൽ ഏലംകുളത്തെയും ഭൂമിയുടെ പട്ടയങ്ങളിലെ നമ്പരുകളാണ് ചേർത്തിരിക്കുന്നതെന്നും പൊലീസിലും കോടതിയിലും നൽകിയ പരാതികളിൽ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ, വ്യാജമായി നിർമിച്ച രേഖകൾ കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. അതേസമയം, രേഖ വ്യാജമായി തയാറാക്കി അതുപയോഗിച്ച് രജിസ്ട്രേഷൻ നടത്തിയിട്ടുണ്ട്. സംഭവത്തിൽ റവന്യൂ, രജിസ്ട്രേഷൻ വകുപ്പിലുള്ളവരുടെ സഹായമുള്ളതിനാലാണ് പരിശോധന കൂടാതെ പോക്കുവരവുനടത്തി നികുതി അടച്ച് നൽകിയതെന്നും കരുതുന്നു. എന്നാൽ, അത്തരത്തിൽ ഉദ്യോഗസ്ഥ പങ്കിനെക്കുറിച്ച് അന്വേഷണങ്ങൾ നടന്നിട്ടില്ല.