മലപ്പുറം: വളാഞ്ചേരിയിലെ ഉദ്ഘാടന പരിപാടിയുമായി ബന്ധപ്പെട്ട കേസിൽ വിവാദ യൂട്യൂബർ ‘തൊപ്പി’യെ കസ്റ്റഡിയിലെടുത്ത് പോലീസ്. ഗതാഗതം തടസ്സപ്പെടുത്തി, അശ്ലീല പദപ്രയോഗം നടത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് വളാഞ്ചേരി പോലീസ് കേസെടുത്തിരുന്നത്. ഉദ്ഘാടന പരിപാടി സംഘടിപ്പിച്ച ‘Pepe സ്ട്രീറ്റ് ഫാഷൻ’ കടയുടെ ഉടമയ്‌ക്കെതിരേയും കേസെടുത്തിട്ടുണ്ട്.
എറണാകുളത്ത് വെച്ചാണ് തൊപ്പിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. കതക് ചവിട്ടി തുറന്നാണ് പോലീസ് തന്നെ കസ്റ്റഡിയിലെടുത്തതെന്ന് തൊപ്പി ആരോപിച്ചു. എറണാകുളം എടത്തലയിലെ താമസ സ്ഥലത്തുവച്ചാണ് തൊപ്പി എന്ന നിഹാദിനെ പോലീസ് പിടികൂടിയത്. വളാഞ്ചേരി പൈങ്കണ്ണൂർ പാണ്ടികശാല സ്വദേശി സെയ്ഫുദ്ദീൻ പാടത്തിന്റെ പരാതിയിലാണ് വിവാദ പരിപാടിയിൽ പോലീസ് കേസെടുത്തിരിക്കുന്നത്.
പരിപാടിയ്‌ക്കിടെ തൊപ്പി പാടിയ തെറിപ്പാട്ട് സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചവിഷയമായിരുന്നു. ഇതോടെ തൊപ്പിക്കെതിരെ രൂക്ഷവിമർശനമായി പലരും രംഗത്തു വന്നു. ആറ് ലക്ഷത്തിൽ കൂടുതൽ സബ്സ്‌ക്രൈബേഴ്സാണ് തൊപ്പിയുടെ യുട്യൂബ് ചാനലിനുള്ളത്. അശ്ലീല സംഭാഷണങ്ങളും സ്ത്രീ വിരുദ്ധതയും തെറി പാട്ടുകളുമെല്ലാം ഉൾപ്പെടുത്തിയുള്ള യുട്യൂബ് ചാനലിന്റെ ആരാധകരിൽ അധികവും കുട്ടികളുമാണ്.