കോട്ടക്കൽ: സ്റ്റേഷനിൽ വിളിച്ചുവരുത്തി പൊലീസ് മർദിച്ചെന്ന ആരോപണവുമായി യുവാവ് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. കാടാമ്പുഴ സ്വദേശി അൻസിഫ് അലിയാണ് (19) ചികിത്സയിൽ കഴിയുന്നത്. ഇയാളുടെ പുറത്ത് അടിയേറ്റ പാടുകളുണ്ട്. കോട്ടക്കൽ സ്റ്റേഷൻ ഇൻസ്പെക്ടർക്കെതിരെ ജില്ല പൊലീസ് മേധാവിയടക്കമുള്ളവർക്ക് പരാതി നൽകാനാണ് കുടുംബത്തിന്റെ തീരുമാനം.
എന്നാൽ, യുവാവിനെ ഉപദ്രവിച്ചിട്ടില്ലെന്നും പോക്സോ കേസിലെ പ്രതിയാണ് അൻസിഫ് അലിയെന്നും ഇൻസ്പെക്ടർ അശ്വിത് കാരന്മയിൽ അറിയിച്ചു. കേസിലെ പരാതിക്കാരിയായ കുട്ടിയെ പിന്തുടർന്ന് ശല്യം ചെയ്തതിനും വീട്ടിൽ പോയി ആക്രമണം നടത്തിയതിനും പിതാവിനെ തല്ലിയതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇയാളുടെ മൊബൈൽ ഫോൺ കോടതിയിലാണ്. മൊബൈൽ വാങ്ങാൻ വ്യാഴാഴ്ച സ്റ്റേഷനിൽ എത്തിയിരുന്നതായും തൊണ്ടിയായതിനാൽ കോടതിയിലാണെന്നും പറഞ്ഞിരുന്നു. ശേഷം സ്റ്റേഷനിൽനിന്ന് വൈകീട്ട് അഞ്ചരയോടെ അൻസിഫ് അലി പോയി. മറ്റെവിടെയോ അടിപിടി നടത്തിയതായാണ് സംശയിക്കുന്നതെന്നും പൊലീസ് പറഞ്ഞു.