കൊണ്ടോട്ടി: സംസ്ഥാനത്തുനിന്ന് ഇത്തവണ ഹജ്ജ് തീര്‍ഥാടനത്തിന് പുറപ്പെട്ടവരില്‍ കൂടുതല്‍ പേരും വനിതകൾ. യാത്ര പുറപ്പെടലിന്റെ അവസാന ദിവസമായ വ്യാഴാഴ്ചയിലേതുള്പ്പെടെ യാത്രയായ 11,252 പേരില്‍ 6,899 പേര് സ്ത്രീകളും 4,353 പേര് പുരുഷന്മാരുമാണ്. കൂടാതെ മൂന്ന് പുറപ്പെടല്‍ കേന്ദ്രത്തില്നിന്നായി വിവിധ സംസ്ഥാനങ്ങളിലയും കേന്ദ്രഭരണ പ്രദേശങ്ങളില്‍നിന്നുമായി 304 തീർഥാടകരും യാത്രയായി.
ഏറ്റവും കൂടുതല്‍ തീർഥാടകര്‍ പുറപ്പെട്ടത് കരിപ്പൂര്‍ എംബാര്‍ക്കേഷന്‍ പോയന്റില്‍നിന്നാണ്-7,045. കരിപ്പൂരില്‍നിന്ന് 49 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് തീര്‍ഥാടകര്‍ക്കായി ഒരുക്കിയത്. കണ്ണൂരില്‍നിന്ന് 14 വിമാനങ്ങളിലായി 2,030ഉം കൊച്ചിയില്‍നിന്ന് ആറ് സൗദി എയര്‍ലൈന്‍സ് വിമാനങ്ങളിലായി 2,481 തീര്‍ഥാടകര്‍ക്കുമാണ് യാത്രസൗകര്യം ഒരുക്കിയത്. സംസ്ഥാനത്തുനിന്ന് ഹജ്ജിന് പുറപ്പെടുന്നവരില്‍ സ്ത്രീകളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യമാണ്.
കരിപ്പൂരില്‍ വനിത തീർഥാടകര്‍ക്ക് മാത്രമായി നിർമാണം ആരംഭിച്ച വനിത ബ്ലോക്ക് ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് യാത്രക്ക് മുന്നേ പൂര്‍ണസജ്ജമായത് ഉപകാരമായി. ശീതീകരിച്ച താമസമുറികള്‍, വെയ്റ്റിങ് ലോഞ്ച്, ഫുഡ് കോര്‍ട്ട്, വിശാലമായ സാനിറ്റേഷന്‍ സൗകര്യങ്ങള്‍ തുടങ്ങി ഒട്ടേറെ സൗകര്യങ്ങള്‍ സ്ത്രീകള്‍ക്ക് മാത്രമായുള്ള പുതിയ കെട്ടിടത്തിലുണ്ട്. മൂന്ന് എംബാര്‍ക്കേഷന്‍ പോയന്റിലും ഹജ്ജ് ക്യാമ്പുകള്‍ക്ക് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയത്.