സുരക്ഷ ക്രമീകരണങ്ങളിലെ പാളിച്ച -എം.എൽ.എ
വള്ളിക്കുന്ന്: ദേശീയപാത നിർമാണത്തിനായെടുത്ത കിടങ്ങിൽ വീണ് റവന്യൂ ജീവനക്കാരൻ മരിക്കാനിടയായ സംഭവം ദേശീയപാത നിർമാണ അധികൃതരുടെ സുരക്ഷ ലംഘനവും പാളിച്ചയുമാണെന്ന് പി. അബ്ദുൽ ഹമീദ് എം.എൽ.എ പറഞ്ഞു. സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കാതിരുന്നത് കുറ്റകരമായ അനാസ്ഥയാണ്.
അപകട സാധ്യതയുള്ള സ്ഥലങ്ങളിലും കിടങ്ങുകൾക്ക് ചുറ്റും സുരക്ഷ സംവിധാനം ഒരുക്കണമെന്ന് കഴിഞ്ഞ മാസം ചേർന്ന ജില്ല വികസന സമിതി യോഗത്തിൽ ഉന്നയിച്ചിരുന്നു. പലയിടങ്ങളിലും ഗർത്തങ്ങൾ രൂപപ്പെട്ട് തുടർച്ചയായി അപകടം സംഭവിക്കുന്ന വിഷയം നിരവധി തവണ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപം ഉന്നയിച്ചിരുന്നു.
കോൺക്രീറ്റ് ബാരിയർ സ്ഥാപിക്കാൻ വിട്ടുപോയ സ്ഥലങ്ങളിൽ അവ സ്ഥാപിക്കുന്നതിന് കർശന നിർദേശം നൽകിയിട്ടുണ്ടെന്നാണ് ലൈസൺ ഓഫിസർ യോഗത്തിൽ അറിയിച്ചത്. അവ പാലിക്കപ്പെടാത്തതാണ് കഴിഞ്ഞ ദിവസമുണ്ടായ ദാരുണ മരണത്തിന് കാരണമായതെന്ന് എം.എൽ.എ പറഞ്ഞു.