തേഞ്ഞിപ്പലം: ദേശീയപാത വികസനപ്രവൃത്തിയുടെ ഭാഗമായി ഉണ്ടാക്കിയ വലിയ കുഴിയില്‍ വീണ് ഒരാള്‍ മരിച്ചതോടെ യാത്രക്കാരുടെ സുരക്ഷക്ക് കൂടുതല്‍ ക്രമീകരണം. കുഴിയെടുത്ത ഭാഗത്തെ റോഡരികില്‍ കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ വിടവില്ലാതെ ശനിയാഴ്ച മാറ്റിസ്ഥാപിച്ചു. ദേശീയപാത പ്രവൃത്തി നടത്തുന്ന കെ.എന്‍.ആര്‍.സി.എല്‍ കമ്പനി അധികൃതരെത്തിയാണ് അപകടം ആവര്‍ത്തിക്കാതിരിക്കാന്‍ കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ ദേശീയപാതയോരത്ത് തൊട്ടടുത്തായി സ്ഥാപിച്ചത്.
വള്ളിക്കുന്ന് അത്താണിക്കല്‍ സ്വദേശിയും റവന്യൂ ജീവനക്കാരനുമായ വിനോദ്കുമാര്‍ (48) കാലിക്കറ്റ് സര്‍വകലാശാല ബസ് സ്റ്റോപ് പരിസരത്തെ വലിയ താഴ്ചയിലേക്ക് വീണ് മരിച്ചതിനെത്തുടര്‍ന്ന് പ്രതിഷേധമുയര്‍ന്നതോടെയാണ് സുരക്ഷക്രമീകരണം കുറ്റമറ്റരീതിയിലാക്കാന്‍ നടപടി സ്വീകരിച്ചത്.മുമ്പ് പാണമ്പ്രയില്‍ ദേശീയപാത പ്രവൃത്തിയുടെ ഭാഗമായെടുത്ത കുഴിയിലേക്ക് കാര്‍ തലകീഴായി മറിഞ്ഞിരുന്നു. അന്ന് യാത്രക്കാരായ യുവാക്കള്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.