മഞ്ചേരി: ഗവ. മെഡിക്കൽ കോളജ് പരിസരത്ത് തെരുനായ്ക്കളുടെ ശല്യം രൂക്ഷം. രണ്ട് ദിവസത്തിനിടെ 13 പേർക്ക് കടിയേറ്റു. ആശുപത്രിയിലെത്തിയ രോഗികൾക്കും ബന്ധുക്കൾക്കും ജീവനക്കാർക്കുമാണ് കടിയേറ്റത്.ഞായറാഴ്ച 12 പേർക്കും തിങ്കളാഴ്ച ഒരാൾക്കുമാണ് നായുടെ ആക്രമത്തിൽ പരിക്കേറ്റത്. മണ്ണാർക്കാട് സ്വദേശിയായ വിദ്യാർഥി ഷിബി മുംതാസിനാണ് (24) ആദ്യം കടിയേറ്റത്.
ഞായറാഴ്ച ഉച്ചക്ക് 12.30ന് മെഡിക്കൽ കോളജ് അക്കാദമിക് ബ്ലോക്കിന് സമീപത്തുനിന്നാണ് കടിയേറ്റത്. പിടിവിടാതെ നിന്ന നായുടെ തലക്ക് മൊബൈൽ കൊണ്ട് അടിച്ചതോടെയാണ് നായ് പിടിവിട്ടത്. മെഡിക്കൽ കോളജ് ആശുപതിയിലെ ശുചീകരണ വിഭാഗം ജീവനക്കാരി വണ്ടൂർ സ്വദേശി ശാരദക്കും (49)കടിയേറ്റു.ആശുപത്രിയിലേക്ക് ജോലിക്ക് വരുന്നതിനിടെ ചന്തക്കുന്നിൽ വെച്ചാണ് കടിയേറ്റത്.
ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് മലപ്പുറം സ്വദേശി മുഹമ്മദിന് (65) കടിയേറ്റത്.വണ്ടൂർ സ്വദേശി അരുൺ (23), മഞ്ചേരി സ്വദേശി മണി (36), കോവിലകംകുണ്ട് അശ്വിൻ, പൂക്കോട്ടൂർ പാപ്പിനിപ്പാറയിൽ താമസിക്കുന്ന അതിഥി തൊഴിലാളി രാജൻ (22), വള്ളിക്കാപ്പറ്റ ശശികുമാർ (47), മൊറയൂർ സ്വദേശി മുജീബ് റഹ്മാൻ (42), കരുവാരകുണ്ട് അസീബ് (30), മഞ്ചേരി സ്വദേശി വിഷ്ണു (23), കോഴിക്കോട് സ്വദേശി ശ്രീഹരി (25) എന്നിവർക്കും കടിയേറ്റു.
തിങ്കളാഴ്ച രാവിലെ മെഡിക്കൽ കോളജ് ഡോക്ടറുടെ ഡ്രൈവർ തിരൂർ സ്വദേശി സുരേഷ് ബാബുവിനും (40) കടിയേറ്റു. എല്ലാവരും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.അത്യാഹിത വിഭാഗത്തിന്റെ പരിസരത്ത് നായ്ക്കളുടെ ശല്യം രൂക്ഷമാണ്. കൂട്ടമായി എത്തുന്ന നായ്ക്കൾ ആശുപത്രിയിലെത്തുന്ന രോഗികൾക്ക് ഭീഷണി സൃഷ്ടിക്കുന്നുണ്ട്. നേരത്തേ അത്യാഹിത വിഭാഗത്തിന്റെ മുൻഭാഗത്തും ഇവ തമ്പടിച്ചിരുന്നു.