രാജ്യത്ത് കോവിഡ് രോഗികൾ വർധിച്ചേക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. അടുത്ത 40 ദിവസം നിർണായകമാണെന്നും കേന്ദ്രം അറിയിച്ചു. വിദേശത്തുനിന്നു വരുന്നവരിൽ കോവിഡ് വർധിക്കുന്നതാണ് മുന്നറിയിപ്പിനു പിന്നിൽ. രണ്ട് ദിവസത്തിനിടെ വിദേശത്തുനിന്നു വന്ന 39 യാത്രക്കാർക്ക് വിമാനത്താവളങ്ങളിൽ നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നാളെ ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്തവളം സന്ദർശിക്കുമെന്നും അധികൃതർ അറിയിച്ചു.
6,000 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. വിദേശരാജ്യങ്ങളിൽ നിന്നും എത്തുന്ന രണ്ട് ശതമാനം ആൾക്കാരെ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് സർക്കാരിന്റെ പുതിയ നിർദേശം. ചൈനയിൽ അടുത്തിടെ കോവിഡ് വ്യാപനത്തിന് ഇടയാക്കിയ ബിഎഫ് 7 വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചതിനെത്തുടർന്നാണ് കോവിഡ് പരിശോധനകൾ ഉൾപ്പെടെ കർശനമാക്കിയത്. രാജ്യത്ത് ഉപയോഗിച്ച വാക്സീനുകൾ ഫലപ്രദമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
നാല് വകഭേദങ്ങളാണ് ചൈനയിൽ വീണ്ടും കോവിഡ് വർധനയ്ക്ക് കാരണമായത്. ബിഎഫ്.7 വകഭേദമാണ് 15 ശതമാനം ആളുകൾക്കും പിടിപെട്ടത്. ബിഎൻ, ബിക്യു വിഭാഗത്തിൽപെട്ടതാണ് 50 ശതമാനം ആളുകളേയും ബാധിച്ചത്. 15 ശതമാനം ആളുകൾക്ക് എസ്‌വിവി വിഭാഗത്തിലെ വൈറസ് ആണ് ബാധിച്ചത്. പ്രദേശിക ഘടകങ്ങൾക്കനുസരിച്ച് കോവിഡ് വ്യാപനത്തിൽ വ്യതിയാനം സംഭവിക്കാം. ഇന്ത്യയിലെ ആളുകൾ കോവിഡ് വാക്സീനിലൂടെയും കോവിഡ് ബാധിച്ചതിലൂടെയും പ്രതിരോധ ശക്തി ആർജിച്ചു. ചൈനയിൽ കോവിഡ് വ്യാപനത്തിന് കാരണം വാക്സീൻ ഫലപ്രദമല്ലാത്തതിനാലാകാം. ആശങ്കപ്പെടേണ്ടതായ സാഹചര്യം നിലവിലില്ല. ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കുന്നുണ്ടെന്നും കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ദിവസം ഡൽഹി സഫ്ദർജങ് ആശുപത്രിയിൽ നടത്തിയ മോക് ഡ്രില്ലിൽ മൻസുഖ് മാണ്ഡവ്യ പങ്കെടുത്തു.