തിരൂരങ്ങാടി: തേഞ്ഞ ടയറും അടർന്നുവീണ ടയർ ഭാഗങ്ങളുമായും സ്പീഡ് ഗവർണർ വിച്ഛേദിച്ചും കുട്ടികളെ കൊണ്ടുപോകുന്ന സ്കൂൾ വാഹനത്തിന്റെ ഫിറ്റ്നസ് റദ്ദ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്. വിദ്യാർഥികളുടെ യാത്രക്ക് ഒരു സുരക്ഷയും കൽപിക്കാതെ സർവിസ് നടത്തിയ വലിയോറ പാണ്ടികശാലയിലെ സ്വകാര്യ സ്കൂൾ ബസിന്റെ ഫിറ്റ്നസാണ് റദ്ദ് ചെയ്തത്. ദേശീയപാത കക്കാടുവെച്ച് വാഹനം പരിശോധിച്ചപ്പോൾ ടയറിന്റെ പല ഭാഗങ്ങളും അടർന്നുപോയതും ടയർ തേഞ്ഞ നിലയിലുമായിരുന്നു.
പ്രവർത്തനരഹിതമായ ഹാൻഡ് ബ്രേക്കും സ്പീഡ് ഗവർണർ വിച്ഛേദിച്ച നിലയിലും നിരവധി അപാകതകൾ കണ്ടെത്തി. തിരൂരങ്ങാടി ജോയന്റ് ആർ.ടി.ഒ എം.പി. അബ്ദുൽ സുബൈറിന്റെ നിർദേശപ്രകാരം എം.വി.ഐ ടി. അനൂപ് മോഹൻ, എ.എം.വി.ഐമാരായ കെ. സന്തോഷ് കുമാർ, കെ. അശോക് കുമാർ, ടി. മുസ്തജാബ് എന്നിവരുടെ നേതൃത്വത്തിലാണ് വാഹനം പരിശോധിച്ചത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും എൻഫോഴ്സ്മെന്റ് വിഭാഗം ഉദ്യോഗസ്ഥരും സ്കൂളിലെത്തി മറ്റ് വാഹനങ്ങളും പരിശോധിച്ചു.
സ്കൂൾ വാഹനങ്ങൾ മാനദണ്ഡങ്ങൾ ലംഘിച്ച് സർവിസ് നടത്തുന്നത് കണ്ടെത്തിയാൽ ചുമതലയുള്ള അധ്യാപകർക്കും സ്കൂൾ അധികൃതർക്കുമെിരെ നടപടിയെടുക്കാൻ കലക്ടർക്ക് ശിപാർശ ചെയ്യുമെന്നും മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനങ്ങൾ ഒരു കാരണവശാലും ഡ്രൈവർമാർ സർവിസിന് ഉപയോഗിക്കരുതെന്നും അബ്ദുൽ സുബൈർ പറഞ്ഞു.