നിലമ്പൂർ: വഴിക്കടവ് റേഞ്ച് ഉൾവനത്തിലുള്ള പുഞ്ചക്കൊല്ലി നഗറിന് ചേർന്ന് ഒഴുകുന്ന കോരംപുഴയിലെ തടസ്സങ്ങൾ നീക്കണമെന്ന് ആവശ്യം. കഴിഞ്ഞ ദിവസം കനത്ത മഴയിലുണ്ടായ മലവെള്ളപാച്ചിലിൽ എക്കൽമണ്ണും മരങ്ങളും വന്നടിഞ്ഞ് പുഴയുടെ സുഗമമായ ഒഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണ്.
നഗറിന് ചേർന്ന് വന്നടിഞ്ഞ കൂറ്റൻ മരത്തിന്റെ അവശിഷ്ടം വലിയ ഭീഷണിയായി. പുഴക്ക് കുറുകെ കിടക്കുന്ന മരം കാരണം ചെറിയ മഴ പെയ്താൽ പോലും പുഴയുടെ ഒഴുക്ക് തടസ്സപ്പെട്ട് ഗതിമാറി നഗറിലൂടെ ഒഴുകും. നഗറിലേക്ക് പ്രവേശിക്കുന്ന കോൺക്രീറ്റ് പാലത്തിനും മരം ഭീഷണിയാണ്. കഴിഞ്ഞ ദിവസത്തെ അതിതീവ്രമഴയിൽ വെള്ളം കയറി നഗറിലെ പത്ത് കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറിയിരിക്കുകയാണ്. ഭീഷണി നിലനിൽക്കുന്നതിനാൽ സ്വന്തം വീടുകളിലേക്ക് താമസം മാറ്റാൻ കുടുംബങ്ങൾക്ക് കഴിഞ്ഞിട്ടില്ല. പാലത്തിന് മുകളിലൂടെയാണ് ഇപ്പോഴും വെള്ളം ഒഴുകുന്നത്. നഗറിന് ചേർന്ന് പുഴയോരം വ്യാപകമായി ഇടിഞ്ഞിട്ടുമുണ്ട്.
ചോലനായ്ക്ക, കാട്ടുനായ്ക വിഭാഗത്തിലെ 67 കുടുംബങ്ങളാണ് പുഞ്ചക്കൊല്ലി ഉൾവനത്തിൽ അധിവസിക്കുന്നത്. പുന്നപുഴയുടെ പ്രധാന കൈവരിയായ കോരംപുഴ നഗറിന് ചേർന്ന് ഒഴുകുന്നത്.