കൊണ്ടോട്ടി: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇരകളായവരെ ചേര്‍ത്തുപിടിച്ച് കൊണ്ടോട്ടി ബഡ്സ് സ്കൂളിലെ വിദ്യാര്‍ഥികള്‍ മാതൃകയായി. വീടുകളിലെ സമ്പാദ്യ കുടുക്കകളില്‍ സ്വരുക്കൂട്ടിയിരുന്ന നാണയത്തുട്ടുകളടക്കമുള്ള തുകയാണ് വയനാടിന്റെ വീണ്ടെടുപ്പിനായി ഭിന്നശേഷിക്കാരായ കുട്ടികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ഈ ആശയം മുന്നോട്ടുവെച്ചപ്പോള്‍ കുട്ടികള്‍ ആവേശത്തോടെ ഏറ്റെടുക്കുകയും തങ്ങളുടെ കൊച്ചു സമ്പാദ്യം വിദ്യാലയാധികൃതരെ ഏല്പിക്കുകയുമായിരുന്നെന്ന് പ്രധാനാധ്യാപിക പി. കൗലത്ത് പറഞ്ഞു.
കുട്ടികള്‍ തുക ടി.വി. ഇബ്രാഹിം എം.എല്‍.എക്ക് കൈമാറി. കുട്ടികളെയും വിദ്യാലയാധികൃതരെയും അനുമോദിച്ചു. നഗരസഭാധ്യക്ഷ നിത ഷഹീര്‍, ഉപാധ്യക്ഷന്‍ അഷ്റഫ് മടാന്‍, സ്ഥിരം സമിതി അധ്യക്ഷരായ കെ.പി. ഫിറോസ്, സി. മിനി മോള്, റംല കോടവണ്ടി, കൗണ്‍സിലർമാർ, അധ്യാപകര്‍ എന്നിവരും കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്നു.
തുക കൈമാറി
മഞ്ചേരി: വയനാട് പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പന്തല്ലൂര്‍ മെറിഡിയന് പബ്ലിക് സ്കൂള്‍ തുക കൈമാറി. വിദ്യാര്‍ഥികളും അധ്യാപകരും മാനേജ്മെന്റും സമാഹരിച്ച 50,000 രൂപ ജില്ല കലക്ടര്‍ വി.ആര്. വിനോദിനെ ഏൽപിച്ചു. പ്രിന്‍സിപ്പല്‍ കെ. റസീന, അധ്യാപകരായ കെ.പി. സിമി, കെ.കെ. അസ്മാബി, കെ. ചിഞ്ചു, ആശിഖ്, വിദ്യാര്‍ഥി പ്രതിനിധികള്‍, മാനേജിങ് ഡയറക്ടര്‍ ദാവൂദ് ചാക്കീരി എന്നിവർ പങ്കെടുത്തു.