മലപ്പുറം: വനിത ലീഗ് സംസ്ഥാന സമിതിയിലേക്ക് ജില്ലയിൽനിന്ന് ഭാരവാഹിയെ കെട്ടിയിറക്കി എന്ന പരാതി ജില്ല കമ്മിറ്റി യോഗത്തിൽ പൊട്ടിത്തെറിയിൽ കലാശിച്ചു. ജില്ല പ്രസിഡന്റിനെ ഉന്നംവെച്ച് യോഗത്തിൽ ഒരുവിഭാഗം നടത്തിയ നീക്കങ്ങളാണ് അസാധാരണമായ ബഹളത്തിനും വിമർശനങ്ങൾക്കും കാരണമായത്. ഇതിനെ പ്രതിരോധിക്കാൻ പ്രസിഡന്റിനായില്ല. ഫണ്ട് വിനിയോഗം വരെ ചോദ്യം ചെയ്യപ്പെട്ട യോഗത്തിലുടനീളം പ്രസിന്റിനെതിരായ ആക്രമണങ്ങളായിരുന്നു. പ്രസിഡന്റ് കെ.പി. ജല്‍സീമിയ ഏകാധിപതിയായി പ്രവർത്തിക്കുന്നു എന്ന കടുത്ത വിമർശനം ഉന്നയിച്ചത് വൈസ് പ്രസിഡന്റ് റംല വാക്യത്ത്.
അതിന് ഉദാഹരണമായി എടുത്തുകാട്ടിയത് ജില്ല ഭാരവാഹി പോലുമല്ലാതിരുന്ന ലൈല പുല്ലൂനിയെ സംസ്ഥാന സെക്രട്ടറിയാക്കിയതും തവനൂര്‍ മണ്ഡലത്തില്‍നിന്നുള്ള ജില്ല ഭാരവാഹി സീനത്ത് തവനൂരിനെ മാറ്റാൻ നടത്തിയ നീക്കങ്ങളും. ഭവനനിർമാണ പദ്ധതിയുടെ ഫണ്ട് പ്രസിഡന്റ് ഒരാൾക്ക് വഴിവിട്ട് കടംകൊടുത്തു എന്ന ആരോപണവും വൈസ് പ്രസിഡന്റ് ഉയർത്തിയതോടെ വാഗ്വാദം കത്തി.
തന്നെ സ്ഥാനത്തുനിന്ന് മാറ്റാൻ പ്രസിഡന്റ് മണ്ഡലം കമ്മിറ്റിയിൽനിന്ന് കത്ത് വാങ്ങി എന്ന ആരോപണവുമായി സീനത്തും എഴുന്നേറ്റു. അസുഖം മൂലം മൂന്ന് മാസം അവധിയെടുത്ത തന്നെ ജില്ല കമ്മിറ്റിയില്‍നിന്ന് മാറ്റാന്‍ തവനൂർ മണ്ഡലം കമ്മിറ്റിയെ നിര്‍ബന്ധിപ്പിച്ച് പ്രസിഡന്റ് കത്ത് വാങ്ങിയെന്നായിരുന്നു സീനത്തിന്റെ പരാതി.
ജില്ല കമ്മിറ്റിയിൽ പോലും ചർച്ച ചെയ്യാതെയാണ് സംസ്ഥാന ഭാരവാഹിയെ തീരുമാനിച്ചത് എന്ന വിമർശനവും ഉയർന്നു. എന്നാൽ, ചെറുപ്പക്കാരുടെ പേരുകൾ നൽകുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും ആരെയും നിർദേശിച്ചിട്ടില്ലെന്നും പ്രസിഡന്റ് കെ.പി. ജല്‍സീമിയ യോഗത്തിൽ വിശദീകരിച്ചു.പദവി സംബന്ധിച്ച് ജൽസീമിയ നേരത്തേതന്നെ ലൈലയെ വിളിച്ചു പറഞ്ഞുവെന്നും റംല ആരോപണമുന്നയിച്ചു.