ദേശീയപാത നിർമാണത്തിനുള്ള സാധനങ്ങളുടെ മോഷണം; വിവരം നൽകുന്നവർക്ക് ഇനാം പ്രഖ്യാപിച്ച് നിർമാണ കമ്പനി

ദേശീയപാത നിർമാണത്തിനുള്ള സാധനങ്ങളുടെ മോഷണം; വിവരം നൽകുന്നവർക്ക് ഇനാം പ്രഖ്യാപിച്ച് നിർമാണ കമ്പനി

പൊന്നാനി: ദേശീയപാത നിർമാണത്തിനായുള്ള കമ്പികളും ഡീസലും മോഷണം പോകുന്ന സാഹചര്യത്തിൽ മോഷണ തെളിവുകൾ ചൂണ്ടിക്കാട്ടുന്നവർക്ക് ഇനാം പ്രഖ്യാപിച്ച് നിർമാണ കമ്പനി. 20,000 രൂപയുടെ പാരിതോഷികമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കമ്പികൾ മലപ്പുറത്തെ ആക്രിക്കടകളിൽ കണ്ടെത്തിയതിന് പുറമെ വാഹനങ്ങളിൽ നിന്ന് വ്യാപകമായി ഇന്ധനവും നഷ്ടപ്പെട്ട സാഹചര്യത്തിലാണ് പുതിയ നീക്കവുമായി കമ്പനി രംഗത്തെത്തിയത്.

ജില്ലയിൽ ദേശീയപാത നിർമാണം നടക്കുന്ന രാമനാട്ടുകര മുതൽ കാപ്പിരിക്കാട് വരെയുള്ള മേഖലകളിൽ നിന്ന് വ്യാപകമായി ഇന്ധനം മോഷണം പോകുന്നതായി പരാതിയുണ്ട്. പൊന്നാനി മേഖലയിലാണ് കൂടുതലായും ഇന്ധനം നഷ്ടമായിട്ടുള്ളത്. ഇതു സംബന്ധിച്ച് പൊന്നാനി, കുറ്റിപ്പുറം ഉൾപ്പെടെയുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിർമാണ കമ്പനി പരാതിയും നൽകിയിരുന്നു.

ഇതേതുടർന്നാണ് പാരിതോഷികവും കമ്പനി പ്രഖ്യാപിച്ചത്. നിർമാണ പ്രവൃത്തികൾ നടക്കുന്ന സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ നിന്നാണ് ഡീസൽ മോഷണം പോകുന്നത്. കൂടാതെ ജനറേറ്റർ ബാറ്ററിയും നഷ്ടപ്പെട്ടിട്ടുണ്ട്. വലിയ ലോറികളും മണ്ണുമാന്തിയന്ത്രവും ഉൾപ്പെടെയുള്ള വാഹനങ്ങളിൽ നിന്നാണ് രാത്രിയിൽ ഇന്ധനം നഷ്ടമാവുന്നത്. ഇതിന് പിന്നിൽ ഏതെങ്കിലും സംഘം പ്രവർത്തിക്കുന്നുണ്ടോ എന്ന സംശയത്തിലാണ് പൊലീസ്. സംഭവത്തിൽ സൈബർ സെല്ലിലും പരാതി നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *