മഞ്ചേരി: ഹെഡ് പോസ്റ്റ് ഓഫിസ് പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. കോഴിക്കോട് റോഡിൽ ചുള്ളക്കാട് എൽ.പി സ്കൂളിന് മുൻവശത്തെ നഗരസഭയുടെ പഴയ കെട്ടിടത്തിലാണ് ഇനി മുതൽ ഓഫിസ് പ്രവർത്തിക്കുക. നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദ ഉദ്ഘാടനം ചെയ്തു. കൗണ്ടറുകളുടെ ഉദ്ഘാടനം വൈസ് ചെയർമാൻ വി.പി. ഫിറോസ് നിർവഹിച്ചു.
നഗരമധ്യത്തില്‍ തപാല്‍ വകുപ്പിന് സ്വന്തമായി സ്ഥലമുണ്ടെങ്കിലും ഇതുവരെ സ്വന്തം കെട്ടിടം പണിയാൻ സാധിച്ചിട്ടില്ല. നേരത്തെ പ്രവർത്തിച്ചിരുന്ന കച്ചേരിപ്പടിയിലെ കെട്ടിടം അപകടാവസ്ഥയിലായിരുന്നു. ഇതിന് പുറമെ ഉടമ കോടതിയെ സമീപിച്ച് അനുകൂല വിധി വാങ്ങിയതോടെയാണ് പുതിയ കെട്ടിടത്തിലേക്കുള്ള മാറ്റം. മഞ്ചേരി – മലപ്പുറം റോഡില്‍ സിനിമ തിയറ്ററിനു സമീപം ഏകദേശം 20 സെന്റ് സ്ഥലമാണുള്ളത്. ഇവിടെ കെട്ടിടം പണിയാൻ ശ്രമം നടക്കുന്നുണ്ട്.
1985ലാണ് തപാൽ വകുപ്പ് ഈ സ്ഥലം ഏറ്റെടുത്തത്. ഇവിടെ സ്വന്തമായി കെട്ടിടം സ്ഥാപിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ജില്ലയിലെ നാല് ഹെഡ് പോസ്റ്റ് ഓഫിസുകളിൽ ഏറ്റവും വലിയ ഓഫിസ് ആണ് മഞ്ചേരിയിലേത്. ഇതിനു കീഴിൽ 28 പോസ്റ്റ് ഓഫിസുകളും 139 ബ്രാഞ്ച് പോസ്റ്റ് ഓഫിസുകളും പ്രവർത്തിക്കുന്നുണ്ട്. നിലമ്പൂർ മണിമൂളി, കരുവാരകുണ്ട് വരെയുള്ള തപാൽ ഓഫിസുകൾ മഞ്ചേരിക്കു കീഴിലാണ്.കച്ചേരിപ്പടിയിൽ പ്രവർത്തിക്കുന്ന ഹെഡ് പോസ്റ്റ് ഓഫിസ് ജനുവരി 31ന് ഒഴിഞ്ഞുകൊടുക്കാൻ കോടതി ഉത്തരവുണ്ടായിരുന്നു.
കോടതി ഉത്തരവ് നടപ്പായാൽ ഹെഡ് പോസ്റ്റ് ഓഫിസ് മഞ്ചേരിക്ക് നഷ്ടപ്പെടുകയോ കൊണ്ടോട്ടി, പെരിന്തൽമണ്ണ എന്നിവിടങ്ങളിലേക്ക് മാറ്റേണ്ടിവരികയോ ചെയ്യുമെന്ന് തപാൽ വകുപ്പ് ആശങ്കപ്പെട്ടിരുന്നു. ഇക്കാര്യം പി.എം.ജിയെ അറിയിക്കുകയും ചെയ്തു. കെട്ടിടത്തിന്റെ കാലപ്പഴക്കവും അസൗകര്യങ്ങളും ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഇതേത്തുടർന്നാണ് പുതിയ കെട്ടിടം കണ്ടെത്താനും നിശ്ചിത വാടക അനുവദിച്ചും തപാൽ വകുപ്പ് പോസ്റ്റ് ഓഫിസ് അധികൃതർക്ക് നിർദേശം നൽകിയത്.
നഗരസഭയുടെ പഴയ കെട്ടിടം ഓഫിസിനായി അനുവദിച്ചതോടെ നടപടികൾ വേഗത്തിലായി. കെട്ടിടത്തിലെ സാധനങ്ങളെല്ലാം മാറ്റി പെയിന്റ് അടിച്ച് വൃത്തിയാക്കുകയും ചെയ്തു. ചടങ്ങിൽ മഞ്ചേരി അസി. സൂപ്രണ്ട് മാത്യൂ ജേക്കബ് അധ്യക്ഷത വഹിച്ചു. റിട്ട. പോസ്റ്റൽ സൂപ്രണ്ട് വി.പി. സുബ്രഹ്മണ്യൻ, മുഹമ്മദ് മുസ്തഫ, കൃഷ്ണ പ്രസാദ്, മഞ്ചേരി പോസ്റ്റ് മാസ്റ്റർ വി.എസ്. റോയ് എന്നിവർ സംസാരിച്ചു.