മലപ്പുറം: രോഗം മറച്ചുവെച്ച് പോളിസിയെടുത്തെന്നാരോപിച്ച് ആനുകൂല്യം നിഷേധിച്ചതിന് ഉപഭോക്താവിന് ഇന്‍ഷുറന്‍സ് തുകയും നഷ്ടപരിഹാരവും കോടതിച്ചെലവും നല്കാന് ഉപഭോക്തൃ കമീഷൻ ഉത്തരവ്. പെരിന്തല്‍മണ്ണ കൊളത്തൂര്‍ സ്വദേശി ഉമ്മര്‍ നല്കിയ പരാതിയിലാണ് സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനി ഇന്‍ഷുറന്‍സ് തുകയായ 12,72,831 രൂപയും നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയും കോടതിച്ചെലവ് 20,000 രൂപയും നല്‍കണമെന്ന് വിധിച്ചത്.
രോഗം മറച്ചുവെച്ചാണ് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയെടുത്തത് എന്നായിരുന്നു കമ്പനിയുടെ വാദം. പരാതിക്കാരന് വൃക്കസംബന്ധമായ അസുഖത്തിന് പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയിലും തൃശൂരിലെ വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയിലും ചികിത്സ തേടിയിരുന്നു.
വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയിലെ ചികിത്സാരേഖയില്‍ രണ്ടു മാസമായി ചികിത്സയുണ്ടായിരുന്നെന്ന് രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്‍ഷുറന്‍സ് പോളിസിയെടുക്കുമ്പോൾതന്നെ രോഗമുണ്ടായിരുന്നെന്നായിരുന്നു കമ്പനിയുടെ വാദം. രോഗം മറച്ചുവെച്ചാണ് പോളിസി എടുത്തതെന്നും ആനുകൂല്യം നല്‍കാനാവില്ലെന്നും കമ്പനി അറിയിക്കുകയായിരുന്നു.
ചികിത്സാകാലയളവ് കാണിച്ചതില്‍ പിഴവ് പറ്റിയതാണെന്ന് കാണിച്ച് ഡോക്ടര്‍ നല്കിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെങ്കിലും അത് പരിഗണിക്കാന്‍ കമ്പനി തയാറായില്ല. തുടര്‍ന്നാണ് ഉപഭോക്തൃ കമീഷനില്‍ പരാതി നല്‍കിയത്. രേഖകള്‍ പരിശോധിച്ച കമീഷന് ഇന്‍ഷുറന്‍സ് കമ്പനിയുടെ നടപടി സേവനത്തിലുള്ള വീഴ്ചയാണെന്ന് കണ്ടെത്തുകയായിരുന്നു. രേഖയില്‍ പിഴവ് വന്നത് ബന്ധപ്പെട്ട ഡോക്ടര്‍ തിരുത്തിയിട്ടും ഇന്‍ഷുറന്‍സ് ആനുകൂല്യം നിഷേധിച്ചത് സേവനത്തിലുള്ള വീഴ്ചയാണെന്ന് കണ്ടെത്തി. ചികിത്സച്ചെലവായ 12,72,831 രൂപ ഒമ്പതു ശതമാനം പലിശയോടെ നല്‍കണമെന്നും കമീഷന് ഉത്തരവിട്ടു. ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും 20,000 രൂപ കോടതിച്ചെലവും ഒരു മാസത്തിനകം നല്‍കണമെന്ന് കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ ജില്ല ഉപഭോക്തൃ കമീഷന് ഉത്തരവില്‍ പറഞ്ഞു.