മഞ്ചേരി: ഏറെനാളത്തെ കാത്തിരിപ്പിനൊടുനിൽ ഗവ. മെഡിക്കൽ കോളജിൽ ആശുപത്രിയിൽ 128 സ്ലൈസ് അത്യാധുനിക സി.ടി സ്കാനിങ് യന്ത്രം ഈ മാസം 14ന് ആശുപത്രിയിലെത്തിക്കും. കേരള ഹെൽത്ത് റിസർച് ആൻഡ് വെൽഫെയർ സൊസൈറ്റിയുടെ (കെ.എച്ച്.ആർ.ഡബ്ല്യൂ.എസ്) നേതൃത്വത്തിലാണ് അത്യാധുനിക സ്കാനിങ് യന്ത്രം സ്ഥാപിക്കുന്നത്. വി പ്രൊ ജി കമ്പനിയാണ് യു.എസ്.എയിൽനിന്ന് യന്ത്രം എത്തിക്കുന്നത്. യന്ത്രം സ്ഥാപിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ആശുപത്രിയിൽ ഒരുക്കി. വൈദ്യുതീകരണ പ്രവൃത്തിയും കേബിൾ വലിക്കലും പൂർത്തിയായി. എന്നാൽ, പ്രവർത്തിപ്പിക്കാനുള്ള ആവശ്യമായ വൈദ്യുതി ഇനിയും ലഭ്യമായിട്ടില്ല. ഇതോടെ സി.ടി സ്കാനിങ് യന്ത്രത്തിന്റെ പ്രയോജനം രോഗികൾക്ക് ലഭിക്കാൻ വൈകാനിടയായേക്കും.
വൈദ്യുതി ലഭിക്കാൻ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കണം. ഇതിന് സർക്കാറിൽ നിന്ന് ഇതുവരെ ഭരണാനുമതി ലഭിച്ചിട്ടില്ല. യന്ത്രം പ്രവർത്തിപ്പിക്കാൻ ആവശ്യമായ വൈദ്യുതി മെഡിക്കൽ കോളജിൽനിന്ന് ലഭ്യമാക്കുന്നത് സംബന്ധിച്ച് നേരത്തേ തർക്കം ഉടലെടുത്തിരുന്നു. ആരോഗ്യ മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് ആശുപത്രിയിൽനിന്ന് വൈദ്യുതി ലഭ്യമാക്കാൻ തീരുമാനിച്ചാണ് പ്രശ്നം പരിഹരിച്ചത്. ആശുപത്രിയിൽ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കാൻ നേരത്തേ 50 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിന് ഭരണാനുമതി നൽകാൻ സർക്കാർ തയാറായിട്ടില്ല. സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള സി.ടി സ്കാൻ യന്ത്രത്തിന് വൈദ്യുതി നൽകിയാൽ ആശുപത്രിയുടെ പ്രവർത്തനം പ്രതിസന്ധിയിലാകുമെന്നും ഭാവിയിൽ ആശുപ്രത്രിയിൽ വൈദ്യുതി ക്ഷാമം നേരിടുമെന്നുമായിരുന്നു ആശുപത്രി അധികൃതരുടെ വാദം.
വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് കേരള ഹെൽത്ത് റിസർച് ആൻഡ് വെൽഫെയർ സൊസൈറ്റി ആരോഗ്യ മന്ത്രിയെ സമീപിച്ചു. ഇതിനെ തുടർന്ന് ഏപ്രിൽ 21ന് ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് മെഡിക്കൽ കോളജ് – കെ.എച്ച്.ആർ.ഡബ്ല്യൂ.എസ് യോഗം വിളിച്ചിരുന്നു. ഇതിൽ മെഡിക്കൽ കോളജിൽനിന്ന് വൈദ്യുതി നൽകണമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി നിർദേശിച്ചു. ഭാവിയിൽ പ്രശ്നം നേരിടുമെന്ന കാരണത്താൽ ഇപ്പോൾ പ്രവർത്തിപ്പിക്കാനുള്ള സ്കാനിങ് യന്ത്രത്തിന് വൈദ്യുതി നൽകാതിരിക്കാൻ ആവില്ലെന്നതായിരുന്നു യോഗത്തിലെ വിലയിരുത്തൽ. കഴിഞ്ഞ 12 വർഷം ഒ.പി ബ്ലോക്കിൽ പ്രവർത്തിച്ചിരുന്ന സൊസൈറ്റിയുടെ സ്കാനിങ് യൂനിറ്റിന് വൈദ്യുതി നൽകിയത് ആശുപത്രിയിൽ നിന്നായിരുന്നു. വൈദ്യുതി ലൈൻ വലിക്കാനുള്ള കേബിൾ ചെലവ് വഹിച്ചതും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയതും കെ.എച്ച്.ആർ.ഡബ്ല്യൂ.എസ് അധികൃതരാണ്. 42 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്.