ചങ്ങരംകുളം: ആലങ്കോട് ഗ്രാമപഞ്ചായത്തിനുകീഴിൽ പ്രവർത്തിക്കുന്ന ആരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാതെ രോഗികൾ ദുരിതത്തിൽ. ദിനംപ്രതി 150 മുതൽ 200 വരെ രോഗികളെത്തുന്ന ആരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫിസർ അടക്കം നാല് ഡോക്ടർമാർ സ്ഥിരമായി ഉണ്ടായിരുന്നു. എന്നാൽ ഏതാനും ദിവസങ്ങളായി രണ്ട് ഡോക്ടർമാർ മാത്രമാണുള്ളത്. ചില ദിവസങ്ങളിൽ ഒരാൾ മാത്രമേ ഉണ്ടാകാറുള്ളു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന വയോധികരടക്കമുള്ള രോഗികൾ ഏറെ ദുരിതമാണ് അനുഭവിക്കുന്നത്.
എന്നാൽ, ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരുടെ കുറവില്ലെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. പഞ്ചായത്ത് നിയമിച്ച ഡോക്ടർ അടക്കം നാല് ഡോക്ടർ പരിശോധന നടത്തുന്നുണ്ട്. നാഷണൽ ഹെൽത്ത് മിഷന്റെ ഡോക്ടറുടെ കാലാവധി അവസാനിച്ചതിനാൽ ഒരു ഡോക്ടറുടെ കുറവുണ്ട്. നവംബർ ഏഴിനുശേഷം പുതിയ ഡോക്ടർ വരുന്നതോടെ പരിഹാരമാകുമെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു.