പൊന്നാനി: പൊന്നാനിയുടെ ടൂറിസം രംഗത്തിന് ഉണർവേകി നഗരസഭയുടെ രണ്ടിടങ്ങളിൽ പുതിയ പദ്ധതികൾ യാഥാർഥ്യത്തിലേക്ക്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടുകോടി രൂപ ചെലവിലാണ് പൊന്നാനി ബിയ്യം പുളിക്കകടവ് പ്രദേശത്തും കർമപാലം പ്രദേശത്തും ടൂറിസം വികസനം സാധ്യമാക്കുന്നത്. ബിയ്യം പുളിക്കകടവിൽ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ ടൂറിസം പദ്ധതികൾക്ക് തുടക്കം കുറിക്കാനാണ് നഗരസഭയുടെ തീരുമാനം. ഒരുകോടി രൂപയുടെ പദ്ധതി നടപ്പാക്കാനാണ് ആലോചന.
ജില്ല ടൂറിസം വകുപ്പ് പൊന്നാനി നഗരസഭക്ക് വിട്ടുനൽകിയ പുളിക്കകടവ് പ്രദേശത്ത് പവലിയൻ നിർമാണം, ഫ്ലോട്ടിങ് റസ്റ്റാറൻറ് ലാൻഡ് സ്കേപ്പിങ് തുടങ്ങിയ പ്രവൃത്തികൾ നടക്കും. അലങ്കാര വിളക്കുകളും സ്ഥാപിക്കും. കർമപാലത്തിന് താഴെയുള്ള കുളം നവീകരിക്കുകയും മ്യൂസിക്കൽ ഫൗണ്ടേൻ, ഓപ്പൺ ജീം, സൈക്കിൾ പാത്ത്, കഫ്തീരിയ തുടങ്ങി നിരവധി ടൂറിസം പദ്ധതികൾ നടപ്പാക്കുകയും ചെയ്തു. പദ്ധതിക്കായി കേന്ദ്രസർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. സംസ്ഥാന സർക്കാർ ഭരണാനുമതി നൽകുന്ന മുറക്ക് പദ്ധതി ആരംഭിക്കും. ഇതോടെ പ്രാദേശിക ടൂറിസം രംഗത്ത് വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ.
നേരത്തേ ഭാരതപ്പുഴയിൽ ടൂറിസം ബോട്ടുകളിൽ സഞ്ചരിക്കാനായി ദിനം പ്രതി ആയിരങ്ങളാണ് വിവിധയിടങ്ങളിൽ നിന്നും പൊന്നാനിയിലെത്തിയിരുന്നത്. ടൂറിസം രംഗത്തെ സാധ്യതകൾ മുന്നിൽ കണ്ടാണ് കൂടുതൽ പദ്ധതികൾ തയാറാക്കാൻ നഗരസഭ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായാണ് അമൃത് പദ്ധതി പ്രകാരം കൂടുതൽ സംവിധാനങ്ങൾ ഒരുക്കുന്നത്. പദ്ധതി പ്രവർത്തനങ്ങളുടെ ഡെമോസ്ട്രേഷൻ നഗരസഭ ഹാളിൽ നടന്നു.