തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയിലെ പൊതുജനങ്ങൾക്ക് ആശ്വാസമേകാന്‍ സമഗ്ര കുടിവെള്ള പദ്ധതികള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുന്നു. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ ആറിനാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. മൂന്ന് വലിയ വാട്ടര്‍ ടാങ്കുകളുടെ നിര്‍മാണം നടക്കുന്നുണ്ട്. കരിപറമ്പ് വാട്ടര്‍ ടാങ്കിന്റെ (ഏഴ് ലക്ഷം ലിറ്റര്‍) നിര്‍മാണം അന്തിമഘട്ടത്തിലാണ്. ചന്തപ്പടി ടാങ്ക് (അഞ്ച് ലക്ഷം ലിറ്റര്‍), കക്കാട് ടാങ്ക് (ഏഴ് ലക്ഷം ലിറ്റര്‍) നിര്‍മാണം പുരോഗമിക്കുന്നു. കക്കാട് ടാങ്കിൽ താഴത്തെ നിലയിൽ രണ്ടര ലക്ഷം ലിറ്റർ കരുതൽ ടാങ്ക് പൂർത്തിയായി.
കല്ലക്കയത്ത് പൂര്‍ത്തിയായ 10 കോടി രൂപയുടെ ബൃഹ്ത് പദ്ധതിയില്‍ നിന്നാണ് ശുദ്ധീകരിച്ച വെള്ളം പമ്പിങ് ചെയ്യുക. പമ്പിങ് മെയിന്‍ ലൈന്‍, റോഡ് പുനരുദ്ധാരണം വിതരണ ശ്രംഖല, കല്ലക്കയം പദ്ധതി പൂര്‍ത്തീകരണം, ട്രാന്‍സ്ഫോര്‍മര്‍, ആയിരം ഹൗസ് കണക്ഷനുകള്‍ തുടങ്ങിയവ ഉള്‍പ്പെടെ 30 കോടി രൂപയുടെ പ്രവര്‍ത്തികളാണ് നടന്നുവരുന്നത്. ആദ്യഘട്ട കമീഷന് രണ്ട് മാസത്തിനകം നടക്കും.
കല്ലക്കയത്ത് കിണര്‍, ജലസംഭരണി, പമ്പ് ഹൗസ് തുടങ്ങിയ നിര്‍മാണങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. പ്രതിദിനം 72 ലക്ഷം ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കാന്‍ കല്ലക്കയം പദ്ധതിയില്‍ കഴിയും. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സ്ഥാപിച്ച പൈപ്പ് ലൈനുകളാണ് മാറ്റുന്നത്. ഇതിനാവശ്യമായ പൈപ്പുകള്‍ ഇറക്കിയിട്ടുണ്ട്.
എ.ബി.എംഫോര്‍ ബില്‍ഡേഴ്സ് കമ്പനിയാണ് കരാറെടുത്തത്. നാലുകോടി രൂപയുടെ പ്രവര്‍ത്തികള്‍ക്ക് ടെൻഡര്‍ ക്ഷണിക്കും. കുടിവെള്ള പദ്ധതികള്‍ ഉടന്‍ യാഥാർഥ്യമാക്കുമെന്ന് കെ.പി.എ. മജീദ് എം.എല്‍.എ, നഗരസഭ ചെയര്മാന് കെ.പി. മുഹമ്മദ്കുട്ടി, ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ സുലൈഖ കാലൊടി, സ്ഥിരം സമിതി അധ്യക്ഷരായ ഇഖ്ബാല്‍ കല്ലുങ്ങല്‍, സി.പി. ഇസ്മായില്‍, ഇ.പി. ബാവ, സോന രതീഷ്, സി.പി. സുഹ്റാബി എന്നിവർ അറിയിച്ചു.