കൊണ്ടോട്ടി: പട്ടികജാതി വികസന വകുപ്പുമായി ബന്ധപ്പെട്ട് കൊണ്ടോട്ടി നിയോജക മണ്ഡലത്തില്‍ നടക്കുന്ന വിവിധ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ടി.വി. ഇബ്രാഹിം എം.എല്‍.എ. പദ്ധതികളുടെ പുരോഗതി വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും വകുപ്പ് ഉദ്യോഗസ്ഥരുടെയും അവലോകന യോഗത്തിലാണ് എം.എല്‍.എയുടെ നിർദേശം.
അംബേദ്കര്‍ ഗ്രാമം പദ്ധതികളും കോര്‍പ്പസ് പ്രവൃത്തികളും പൂര്‍ത്തീകരിക്കാനുള്ള സമയപരിധി യോഗത്തില്‍ തീരുമാനിച്ചു. കൊണ്ടോട്ടി നഗരസഭയിലെ നെടിയിരുപ്പ്, മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കോട്ടപ്പറമ്പ്, ചീക്കോട് പഞ്ചായത്തിലെ പാലപ്പറമ്പ്, വാഴക്കാട് പഞ്ചായത്തിലെ കോണത്ത് മണാട്ട് എന്നിടങ്ങളില്‍ നടപ്പാക്കുന്ന അംബേദ്കര്‍ ഗ്രാമം പദ്ധതികളുടെ പുരോഗതി യോഗം വിലയിരുത്തി. പട്ടികജാതി വികസന വകുപ്പിന്റെ കോര്‍പ്പസ് ഫണ്ട് ഉപയോഗിച്ച് വിവിധ പഞ്ചായത്തുകളിലും നഗരസഭയിലും നടന്നുകൊണ്ടിരിക്കുന്ന പദ്ധതികള്‍ വിശകലനം ചെയ്തു. പുതിയ മന്ത്രി ചുമതലയേറ്റ സാഹചര്യത്തില്‍ നൂറു ദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തി സാധ്യമാകുന്ന പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനും സാങ്കേതിക അനുമതിയും ഭരണാനുമതിയും ലഭിച്ച പുതിയ പദ്ധതികള്‍ ആരംഭിക്കാനും ടി.വി. ഇബ്രാഹിം എം.എല്‍.എ നിര്‍ദേശിച്ചു.
നഗരസഭ ആക്ടിങ് ചെയര്മാന് അഷ്റഫ് മടാന്‍, ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ. ബിന്ദു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ. ബാബുരാജ്, മുഹമ്മദ്, എളങ്കയില്‍ മുംതാസ്, പട്ടികജാതി വികസന ഓഫിസര്‍ വി.കെ. മുനീര്‍, കെ.ടി. റസീന, എ. മൊയ്തീന് അലി, ജിസ്. കെ. ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.