പൊന്നാനി: പൊന്നാനി നഗരം വില്ലേജ് പരിധിയിൽ കാലങ്ങളായി പട്ടയമില്ലാത്തവർക്ക് പട്ടയമനുവദിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഭൂസർവേ പൂർത്തിയായി. ഇതിൽ 500 സർക്കാർ ഭൂമികളും, 16000 സ്വകാര്യ വ്യക്തികളുടെ ഭൂമികളുമാണ്. സർക്കാർ പട്ടയം അനുവദിച്ച വസ്തുക്കളുടെ രേഖകൾ ഹാജരാക്കാത്ത ഭൂമികൾ സർക്കാർ തന്നെ ഏറ്റെടുക്കും. 400 ഓളം ഭൂമികളാണ് ഇത്തരത്തിലുള്ളത്. കഴിഞ്ഞ ഡിസംബറിലാണ് ഡിജിറ്റൽ സർവേ ആരംഭിച്ചത്.
പൊന്നാനിയിലെ 80 ശതമാനം പള്ളികളും രേഖകൾ ഇതുവരെ സമർപ്പിച്ചിട്ടില്ല. നടപടികൾ പൂർത്തിയായിക്കഴിഞ്ഞാൽ ജൂലൈ 31 വരെ സർവേ വിവരങ്ങളിൽ ഉൾപ്പെടാനും തിരുത്തലുകൾക്കും സമയമുണ്ട്.
റവന്യൂ വകുപ്പിന് കീഴിലെ പട്ടയ മിഷൻ പദ്ധതിയുടെ ഭാഗമായുള്ള സർവെ നടപടികളാണ് പുരോഗമിക്കുന്നത്. നഗരം വില്ലേജ് പരിധിയിൽ ഫിഷറീസ് വകുപ്പിന് കീഴിൽ കടപ്പുറം പുറമ്പോക്ക് ഭൂമി, മിച്ചഭൂമി, റവന്യൂ ഭൂമി എന്നിവിടങ്ങളിൽ കാലങ്ങളായി താമസിക്കുന്ന നിരവധി കുടുംബങ്ങൾക്കാണ് ഇനിയും പട്ടയമില്ലാത്തത്. നേരത്തെ മിച്ചഭൂമി ഏറ്റെടുത്ത് പതിച്ചു നൽകിയവരിൽ നിന്നും വില നൽകി ഭൂമി വാങ്ങിയവർക്കാണ് പട്ടയമില്ലാത്തത്. ഇത് മൂലം ഈ കുടുംബങ്ങൾക്ക് സർക്കാർ ആനുകൂല്യങ്ങളൊന്നും ലഭ്യമാവുന്നുമില്ല.
പിന്നീട് പട്ടയത്തിനായി അപേക്ഷിച്ചവർക്കാണ് പട്ടയം അനുവദിക്കുന്നതിനുള്ള നടപടികളിലേക്ക് സർക്കാർ നീക്കുന്നത്. സർവേ നടപടികൾ പൂർത്തീകരിച്ച് സ്ഥലം അളന്ന് തിട്ടപ്പെടുത്തി യോഗ്യരായവർക്ക് പട്ടയം നൽകാനാണ് തീരുമാനം