നിലമ്പൂർ വയനാട് മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ അകപ്പെട്ടവരുടെ മൃതദേഹങ്ങൾ ചാലിയാറിന്റെ കുത്തൊഴുക്കിൽ കിലോമീറ്ററുകൾ പിന്നിട്ട് നിലമ്പൂരിൽ എത്തിയപ്പോഴുള്ള കാഴ്ച ആരുടെയും കരൾപിളർക്കുന്നതാണ്. മലപ്പുറം ജില്ലയിൽ ചാലിയാർ പുഴയിൽ നിന്നും 20 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്.
പോത്തുകല്ല് പഞ്ചായത്ത് പരിധിയിലെ വിവിധ കടവുകളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. ഇരുട്ടി കുത്തി, അമ്പുട്ടാൻ പൊട്ടി, കുനിപ്പാല, മച്ചിക്കൈ, ഭൂദാനം, വെള്ളിലമാട്, മുണ്ടേരി കമ്പി പാലം എന്നീ കടവുകളിൽ നിന്നും മൃതദേഹങ്ങൾ ലഭിച്ചിട്ടുണ്ട്.
രാവിലെ 7.30ന് കുനിപ്പാലയിൽനിന്ന് മൂന്നു വയസ്സ് പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ മൃതദേഹമാണ് ആദ്യം കിട്ടിയത്. ഉച്ച വരെയുള്ള കണക്കുപ്രകാരം പോത്തുകല്ല് പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽനിന്ന് ചാലിയാറിന്റെ തീരത്തുനിന്ന് 20 മൃതദേഹങ്ങൾ കിട്ടി. ഏഴ് മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നാലു മൃതദേഹങ്ങളുടെ ഇൻക്വസ്റ്റ് നടപടികൾ നടന്നു കൊണ്ടിരിക്കുകയാണ്.
പൊലീസിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ വിവിധ കടവുകളിൽ തെരച്ചിലും രക്ഷാപ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.