പട്ടിക്കാട്: ചെമ്പൂത്ര പട്ടത്തിപ്പാറ ജനവാസകേന്ദ്രത്തിൽ പ്രധാന റോഡിൽ കാട്ടാനയിറങ്ങിയതോടെ പരിസരത്തെ ജനങ്ങൾ ഭീതിയിൽ. ചെമ്പൂത്ര പട്ടത്തിപ്പാറ വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന പ്രധാന റോഡിൽ ശനിയാഴ്ച രാത്രി 10.30നാണ് കനാൽ പാലത്തിൽ ആന നിൽക്കുന്നത് നാട്ടുകാർ കണ്ടത്. നാട്ടുകാരും വനം വാച്ചർമാരും ചേർന്ന് പടക്കം പൊട്ടിച്ചും പാട്ട കൊട്ടിയും ആനയെ തുരത്താൻ ശ്രമിച്ചെങ്കിലും ആന റോഡിൽ തന്നെ നിലയുറപ്പിക്കുകയായിരുന്നു. പിന്നീട് പട്ടിക്കാട് ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ എത്തി കാട്ടിലേക്ക് കയറ്റി വിടാൻ ശ്രമിച്ചതോടെ ആന പട്ടത്തിപ്പാറ വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന വഴിയിലൂടെ നടന്നുപോകുകയായിരുന്നു.
വനംവകുപ്പ് ഉദ്യോഗസ്ഥർ വീണ്ടും ആനയെ തുരത്താനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടേയിരുന്നു. ഒരു മണിക്കൂർ നീണ്ടുനിന്ന ശ്രമത്തിനൊടുവിൽ രാത്രി പതിനൊന്നരയോടുകൂടിയാണ് ആന കാടുകയറിയത്. എങ്കിലും ആന തിരിച്ച് ജനവാസ മേഖലയിലേക്ക് എത്താനുള്ള സാധ്യത ഉള്ളതായി നാട്ടുകാർ സംശയിക്കുന്നു. ദേശീയപാതയിൽ തുരങ്ക പാത വന്നതോടെ പീച്ചി വനമേഖലയിലെ ആനകൾ തടസ്സമില്ലാതെ സഞ്ചരിക്കാൻ കഴിയുന്നതാണ് ഇപ്പോൾ വ്യാപകമായി ജനവാസ മേഖലയിൽ എത്താൻ ഇടയാക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.