കുറ്റിപ്പുറം: ദേശീയപാത നിർമാണ പ്രവൃത്തിക്കിടെ വീടുകളിൽ വലിയ രീതിയിൽ വിള്ളൽ രൂപപ്പെട്ട സംഭവത്തെ തുടർന്ന് ചെന്നൈ ഐ.ഐ.ടി സംഘം ആദ്യഘട്ട പരിശോധന നടത്തി. ചെന്നൈ ഐ.ഐ.ടിയിലെ സിവിൽ എൻജിനീയറിങ് പ്രഫസർ നായിഡുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന ആരംഭിച്ചത്. അടുത്ത ദിവസം മണ്ണ് പരിശോധന സംഘം വിശദമായ പരിശോധന നടത്തി ഒരാഴ്ചക്കകം അന്തിമ റിപ്പോർട്ട് സമർപ്പിക്കും. കുറ്റിപ്പുറം കൈലാസ് ഓഡിറ്റോറിയത്തിന് എതിർവശത്ത് ബംഗ്ലാകുന്നിന് മുകളിൽ താമസിക്കുന്ന പേരാഞ്ചേരി ഷറഫുദ്ദീൻ, വാരിയത്ത്പ്പടി മാത, പേരാഞ്ചേരി ബാവ, പേരാഞ്ചേരി അലവി, പേരാഞ്ചേരി അബു എന്നിവരുടെ വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചിരിക്കുന്നത്.
വീടിന്റെ നൂറടി താഴ്ചയിലൂടെയാണ് ദേശീയപാത കടന്നുപോകുന്നത്. വീടുകളുടെ മുറ്റം, ചുമർ എന്നിവിടങ്ങളിലെല്ലാം താമസയോഗ്യമല്ലാത്ത തരത്തിലാണ് വിള്ളൽ രൂപപ്പെട്ടിരിക്കുന്നത്. ദേശീയപാത വികസനത്തിന് വീടിന് സമീപത്തെ കുന്നിടിച്ച് കോൺക്രീറ്റിങ് പ്രവൃത്തികൾ നടക്കുന്നതിനിടെയാണ് സംഭവം നടന്നത്.
കുന്നിന് എട്ട് മീറ്റർ ഉള്ളിലേക്ക് ഇരുമ്പുകമ്പി അടിച്ചുകയറ്റി ഇതിന് മുകളിൽ കോൺക്രീറ്റ് സ്പ്രേ ചെയ്യുന്ന പ്രവൃത്തിയാണ് നടക്കുന്നത്. ഒരു മാസം മുമ്പ് ഇരുമ്പുകമ്പി കയറ്റുന്ന പ്രവൃത്തിക്കിടെ ഒരു വീട്ടിലെ കുഴൽകിണറിന് കേടുപാട് സംഭവിച്ചിരുന്നു. ഇതിനുപിന്നാലെ അഞ്ച് ദിവസം മുമ്പ് കുന്നിന് താഴെ മണ്ണിടിച്ചിൽ ഉണ്ടായതോടെ വീടിന് മുറ്റത്ത് ചെറിയ തോതിൽ വിള്ളൽ രൂപപ്പെട്ട് തുടങ്ങി.
പിന്നീട് വിള്ളലിന്റെ വ്യാപ്തി വർധിച്ചതോടെ അപകട ഭീഷണിയിലായി. ഇതിൽ ചില വീട്ടുകാർ രണ്ട് വർഷം മുമ്പ് വീട് വെച്ച് താമസം തുടങ്ങിയവരാണ്. സംഭവത്തെ തുടർന്ന് പ്രദേശത്തെ വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു. വീടൊഴിഞ്ഞ് വാടക വീടുകളിൽ താമസം മാറ്റിയ അഞ്ച് വീട്ടുടമകൾക്കുള്ള വാടകയും നിർമാണ കമ്പനി നൽകി.