വണ്ടൂർ: എം.ഡി.എം.എ വിൽപന നടത്തുന്നതിനിടെ മൂന്ന് മഞ്ചേരി സ്വദേശികൾ എക്സൈസിന്റെ പിടിയിൽ. ഇവരിൽനിന്ന് മൂന്ന് പാക്കറ്റുകളിലായി 23.104 ഗ്രാം എം.ഡി.എം.എ മയക്കുമരുന്ന് പിടിച്ചെടുത്തു. മഞ്ചേരി നറുകര മംഗലശ്ശേരി സ്വദേശികളായ വല്ലാഞ്ചിറ ബഷീർ (42), നെച്ചിത്തടത്തിൽ അബ്ദുസമദ് (35), വള്ളിക്കാപ്പറ്റ പൂങ്കടക്കുത്ത് അജേഷ് ബൈജു (42) എന്നിവരാണ് തിരുവാലി കൂളിക്കുന്ന് റോഡരികിൽ വെച്ച് പിടിയിലായത്.
മൂവരും ലഹരി ഉപയോഗിക്കുന്നവരും വിൽപനക്കാരുമാണെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. ബഷീറിന്റെ പക്കൽനിന്ന് മയക്കുമരുന്ന് വാങ്ങാനെത്തിയവരാണ് മറ്റു രണ്ട് പ്രതികൾ. ഇതിനായി ആളൊഴിഞ്ഞ സ്ഥലം നോക്കിയാണ് തിരുവാലിയിലെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ആസൂത്രിത നീക്കത്തിലാണ് മൂന്നുപേരും പിടിയിലായത്. ഗ്രാമിന് 6000 രൂപ നിരക്കിലാണ് വിൽപന. മാസങ്ങളായി പ്രതികൾ അധികൃതരുടെ നിരീക്ഷണത്തിലായിരുന്നു.
പ്രതികളെത്തിയ മൂന്ന് ഇരുചക്രവാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എക്സൈസ് ഇൻസ്പെക്ടർ ടി. ഷിജു മോൻ, പ്രിവന്റിവ് ഓഫിസർമാരായ പി. അശോക്, റെജി തോമസ്, സിവിൽ എക്സൈസ് ഓഫിസർമാരായ പി. സഫീറലി, വി. മുഹമ്മദ് അഫ്സൽ, വി. ലിജിൻ, എൻ. മുഹമ്മദ് ഷരീഫ്, കെ. ആബിദ്, എം. സുനിൽ കുമാർ, ടി. സുനീർ, പി. സബീറലി, ടി.കെ. സതീഷ്, എ.കെ. നിമിഷ, പി. സജിത, ലിൻസി വർഗീസ്, ഡ്രൈവർ സവാദ് നാലകത്ത് തുടങ്ങിയവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.