കരുളായി: വനത്തിനകത്ത് ആദിവാസികള്‍ക്കു മാത്രമായുള്ള ഏക പോളിങ് ബൂത്തായ നെടുങ്കയത്ത് ഇത്തവണ 461 വോട്ടര്‍മാർ. പുതിയ വോട്ടര്‍മാരെ ഉൾപ്പെടുത്തി 474 പേരായെങ്കിലും മരിച്ചതും ഇരട്ടിപ്പ് വന്നതുമായ 13 വോട്ടര്‍മാരെ നീക്കം ചെയ്തതോടെയാണ് 461 വോട്ടര്‍മാരായത്.
ഇതില്‍ 253 പുരുഷന്മാരും 208 സ്ത്രീകളുമാണ്. കരുളായി ഉൾവന ത്തിനകത്തെ നെടുങ്കയം, മുണ്ടക്കടവ്, പുലിമുണ്ട, മാഞ്ചീരിയിലും പരിസരത്തുമുള്ള ചോലനായ്ക്കരാണ് ഈ ബൂത്തിലെ വോട്ടര്‍മാര്‍. വയനാട് ലോക്സഭ മണ്ഡലത്തിലെ നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ വരുന്ന 173ാം നമ്പര്‍ ബൂത്താണ് നെടുങ്കയത്തെ അമിനിറ്റി സെന്റർ ബൂത്ത്. ഇവരിൽ സാധാരണ 60 ശതമാനത്തോളം പേര് ഇവിടെ വോട്ട് രേഖപ്പെടുത്താൻ എത്താറുണ്ട്. മാഞ്ചീരിക്കു മുകളില്‍ താമസിക്കുന്ന ചോലനായ്ക്കര്‍ക്ക് ഈ ബൂത്തിലെത്താന്‍ 25 കിലോമീറ്ററിലധികം സഞ്ചരിക്കണം. എങ്കിലും 30 പേര് എല്ലാതവണയും വോട്ടു ചെയ്യാന്‍ എത്താറുണ്ട്. ഇവിടെ 100 ഓളം ചോലനായ്ക്കര്ക്കാണ് വോട്ട്.