മഞ്ചേരി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ അഗ്നിരക്ഷാസേനക്ക് മഞ്ചേരി കരുവമ്പ്രത്ത് നിർമിക്കുന്ന സ്വന്തം ഓഫിസ് കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തി തുടങ്ങി. സാങ്കേതിക വിദ്യാഭ്യാസവകുപ്പ് വിട്ടുനൽകിയ 50 സെന്റ്സ്ഥലത്ത് മൂന്ന് കോടി രൂപ ചെലവഴിച്ചാണ് നിർമാണം.
ഗ്രൗണ്ട് ഫ്ലോറും രണ്ട് നിലയും ഉൾപ്പെടുന്ന കെട്ടിടമാണ് രൂപ കൽപന ചെയ്തത്. ഇപ്പോൾ അനുവദിച്ച മൂന്ന് കോടി രൂപ വിനിയോഗിച്ച് താഴത്തെ നിലയും ഒന്നാം നിലയും നിർമിക്കും. ഇതിലെ വൈദ്യുതീകരണ പ്രവൃത്തിയും പൂർത്തിയാക്കും. പിന്നീട് രണ്ടാം നിലയുടെ നിർമാണത്തിനായി എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിക്കാനാണ് തീരുമാനം. രണ്ടാംനിലയുടെ നിർമാണത്തിനുള്ള തുക അനുവദിക്കാൻ കാത്തിരുന്നാൽ കാലതാമസം നേരിടുമെന്നതിനാലാണ് ഒന്നാംനില വരെയുള്ള പ്രവൃത്തി ഇപ്പോൾ തുടങ്ങുന്നത്.
നിർമാണ പ്രവൃത്തിക്കായി നിലം ഒരുക്കി. ടെൻഡർ നടപടികൾ പൂർത്തീകരിച്ച ഉടനെതന്നെ കരാറുകാരൻ പ്രവൃത്തി ആരംഭിച്ചു. പരമാവധി വേഗത്തിൽ പ്രവൃത്തി പൂർത്തീകരിച്ച് ഫയർ സ്റ്റേഷൻ കെട്ടിടം സജ്ജമാക്കണമെന്ന് പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടതായി യു.എ. ലത്തീഫ് എം.എൽ.എ പറഞ്ഞു. 2016 മുതൽ നഗരസഭയുടെ കച്ചേരിപ്പടി ബസ് സ്റ്റാൻഡ് കെട്ടിടത്തിലാണ് അഗ്നിരക്ഷ സേനയുടെ ഓഫിസ് പ്രവർത്തിക്കുന്നത്.