Wandoor : വണ്ടൂർ സ്വദേശി സജീവ് കൃഷ്ണൻ കാക്കനാട്ട് ഫ്ലാറ്റിൽ കൊല്ലപ്പെട്ട കേസിൽ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം. സജീവിന്റെയും പ്രതി കെ.കെ.അർഷാദിന്റെയും ബാങ്ക് അക്കൗണ്ടുകളാണു പരിശോധിക്കുന്നത്. കാക്കനാട് ഇൻഫോപാർക്ക് പൊലീസ് ഇന്നലെ വണ്ടൂരിലെത്തി രണ്ടു ബാങ്കുകളിലെ അക്കൗണ്ടുകൾ പരിശോധിച്ചു.
അക്കൗണ്ടിലൂടെ സംശയാസ്പദ പണമിടപാട് നടത്തിയിട്ടുള്ളവരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം. പ്രതി അർഷാദുമായാണ് ഇൻഫോപാർക്ക് ഇൻസ്പെക്ടർ വിപിൻദാസിന്റെ നേതൃത്വത്തിൽ ബാങ്കുകളിലെ വിവരങ്ങൾ ശേഖരിച്ചത്. ഫോൺകോൾ വിവരങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ പലവ്യഞ്ജന വിതരണക്കാരന്റെ ഓഫിസിലും പൊലീസ് പരിശോധന നടത്തി.
ഇന്നലെ രാവിലെ കാക്കനാട്ട് നിന്നെത്തിയ പൊലീസ് സംഘം രാത്രിയും വിവിധ ഇടങ്ങളിൽ തെളിവെടുപ്പ് തുടരുകയാണ്. ഇന്നു കോഴിക്കോട് ജില്ലയിലെ ഏതാനും സ്ഥലങ്ങളിൽ തെളിവെടുപ്പു നടത്തും. ഇന്നു വൈകിട്ടോ നാളെ രാവിലെയോ പ്രതിയെ മഞ്ചേശ്വരം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെത്തിച്ചു തെളിവെടുക്കും. കൊലപാതകത്തിനൊപ്പം ലഹരി ഇടപാട് കേസു കൂടി അന്വേഷിക്കുന്നതിനാലാണു തെളിവെടുപ്പ് നീളുന്നത്.