വളാഞ്ചേരി: ചരക്ക് ലോറി കാറിന് പിന്നിൽ ഇടിച്ചതിനെ തുടർന്ന് ലോറിക്കും ബസിനുമിടയിൽപ്പെട്ട കാർ യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ദേശീയപാത 66 വട്ടപ്പാറ താഴെ നിയന്ത്രണം വിട്ട ലോറി തൊട്ടുമുമ്പിലുണ്ടായിരുന്ന കാറിനുപിന്നിൽ ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ കാർ തൊട്ടു മുന്നിൽ പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന് പിറകിൽ ഇടിക്കുകയുമായിരുന്നു.
പിറകിലും മുന്നിലും തകർന്ന കാർ ഇരുവാഹനങ്ങൾക്കിടയിൽപ്പെടുകയും ചെയ്തു. കാറിലുണ്ടായിരുന്ന കുടുംബം നിസ്സാര പരിക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. വട്ടപ്പാറ ഇറക്കത്തിൽ ഞായറാഴ്ച വൈകുന്നേരം ഏഴോടെയായിരുന്നു അപകടം. വേങ്ങരയിൽ നിന്ന് വെണ്ടല്ലൂരിലേക്ക് പോവുകയായിരുന്നു കാർ യാത്രക്കാർ. പൊലീസ് സ്ഥലത്ത് എത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.