കാളികാവ്: ആക്രി ശേഖരിച്ച് വിൽപന നടത്തി ഉപജീവനം കണ്ടെത്തുന്ന ഭിന്നശേഷിക്കാരൻ മുച്ചക്ര വാഹനത്തിനായി പത്തുവർഷമായി അധികൃതരുടെ കനിവ് തേടുന്നു. കാളികാവ് പുറ്റംകുന്നിലെ നാട്ടുകാർ സാധു എന്ന് വിളിക്കുന്ന തിയ്യാലി മുഹമ്മദാണ് സൈഡ് വീൽ സ്കൂട്ടർ (മുച്ചക്ര വാഹനം) അനുവദിക്കണമെന്നാവശ്യപ്പെട്ട് ഓഫിസുകൾ കയറിയിറങ്ങുന്നത്. ജന്മനാ ഭിന്നശേഷിക്കാരനായ ഇദ്ദേഹത്തിന് 40 ശതമാനം വൈകല്യമുള്ളതായി കാണിച്ച് വികലാംഗ സർട്ടിഫിക്കറ്റുണ്ട്. രാത്രികളിൽ അങ്ങാടികളിലെ കുപ്പികളും കടലാസും മറ്റും പെറുക്കിയാണ് വാർധക്യത്തിലും ഇദ്ദേഹത്തിന്റെ ജീവിതം.
ജില്ല പഞ്ചായത്തിന്റെ സഹായത്തോടെ പത്ത് സൈഡ് വീൽ സ്കൂട്ടറുകൾ കാളികാവ് പഞ്ചായത്തിൽ വിതരണം ചെയ്തിരുന്നു. എന്നാൽ, ആദ്യഘട്ടത്തിൽ ഈ ലിസ്റ്റിൽ ഉൾപെട്ട മുഹമ്മദിന് വണ്ടി ലഭിച്ചില്ല. തുടർന്ന് പരാതിയുമായി എം.എൽ.എ അനിൽ കുമാർ അടക്കമുള്ളവരെയും സമീപിച്ചുവെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.
2023 സെപ്റ്റംബറിൽ സംസ്ഥാന വികലാംഗക്ഷേമ കോർപറേഷൻ ഓഫിസിൽനിന്ന് വണ്ടി പാസായിട്ടുണ്ടെന്ന ഫോൺ കോൾ വന്നു. രണ്ടുമാസത്തിനുള്ളിൽ വണ്ടി കിട്ടുമെന്നും പറഞ്ഞു. വാഗ്ദാന ലംഘനങ്ങൾ തുടരുന്നതിനിടെ കഴിഞ്ഞ മാസം നൽകിയ വിവരാവകാശ അപേക്ഷയിലും വണ്ടി പാസായിട്ടുണ്ട് എന്നു മറുപടി. വണ്ടി എന്നു കിട്ടും എന്ന് മാത്രമില്ല.
ആക്രിസാധനങ്ങളുമായി ദീർഘദൂരം നടക്കാൻ കഴിയാത്ത പ്രയാസത്തിന് പരിഹാരമായി സർക്കാറിൽനിന്ന് മുച്ചക്രവണ്ടി കിട്ടുമെന്ന പ്രതീക്ഷയിൽ തന്നെയാണിദ്ദേഹം.