തിരൂർ: മംഗലം ഗ്രാമപഞ്ചായത്തിലെ പെരുന്തിരുത്തി തൂക്കുപാലം തുരുമ്പ് പിടിച്ചു അപകടാവസ്ഥയിലായതിനെ തുടർന്ന് റവന്യൂ അധികൃതർ അടച്ചുപൂട്ടിയിട്ട് ഒരു വർഷം പിന്നിട്ടു. ഇതുമൂലം മംഗലം പഞ്ചായത്ത് വാർഡ് അഞ്ച്, 13, 14 എന്നിവിടങ്ങളിൽനിന്ന് പഞ്ചായത്ത് ഫാമിലി ഹെൽത്ത് സെന്റർ, ബി.എഡ് കോളജ് തുടങ്ങിയവയിലേക്കുള്ള വിദ്യാർഥികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, മറ്റു ജീവനക്കാർ, രോഗികൾ അടക്കം നൂറുകണക്കിന് യാത്രക്കാർ ഒരു വർഷത്തിലധികമായി നാലുകിലോമീറ്റർ അധികദൂരം താണ്ടേണ്ട അവസ്ഥയിലാണ്.
അതേസമയം, പെരുന്തിരുത്തി തൂക്കുപാലത്തിലെ പ്രവൃത്തി നടക്കുന്നതുമില്ല. അധികാരികൾ ഇക്കാര്യത്തിൽ അലംഭാവം കാണിക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്.
പാലത്തിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കുക അല്ലെങ്കിൽ തൂക്കുപാലത്തിന്ന് സമീപത്തുനിന്ന് യത്തീംഖാന ജങ്ഷൻ, തെക്കെകടവ്, കൂട്ടായി വഴി പരുത്തിപ്പാലം, മംഗലം, കൂട്ടായി വഴി തിരൂരിലേക്ക് ബസ് സർവിസ് ആരംഭിക്കുക എന്നീ ആവശ്യങ്ങൾ ശക്തമാണ്. ഇക്കാര്യം ആവശ്യപ്പെട്ട് മംഗലം, കൂട്ടായി മേഖല കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്ത യോഗം രംഗത്തെത്തിയിട്ടുണ്ട്.