മഞ്ചേരി: മനുഷ്യത്വത്തിന്റെ പാഠങ്ങൾ വിദ്യാർഥികൾക്ക് പകർന്നുനൽകാൻ വിദ്യാലയങ്ങളിലെ ബോധപൂർവമായ ശ്രമങ്ങൾക്ക് ഇക്കാലത്ത് ഏറെ പ്രാധാന്യമുണ്ടെന്ന് മന്ത്രി ആർ. ബിന്ദു. മഞ്ചേരി യതീം ഖാന ഹയർസെക്കൻഡറി സ്കൂളിൽ ‘തണൽക്കൂട്ട്’ വിദ്യാർഥികൾക്ക് നിർമിച്ചു നൽകിയ മൂന്ന് സ്നേഹവീടുകൾ സമർപ്പിച്ചു സംസാരിക്കുകയായിരുന്നു അവർ.
സ്കൂൾ മാനേജ്മെന്റ് ആരംഭിക്കുന്ന ക്ലാസ് തല ലൈബ്രറികളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. യു.എ. ലത്തീഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷ വി.എം. സുബൈദ, നഗരസഭ പ്രതിപക്ഷ നേതാവ് മരുന്നൻ സാജിദ് ബാബു, ജില്ല വിദ്യാഭ്യാസ ഓഫിസർ പി.പി. റുഖിയ്യ, നഗരസഭ കൗൺസിലർമാരായ സി.എം. ഫാത്തിമ സുഹ്റ, ഷറീന ജവഹർ, മാനേജർ വി. കുഞ്ഞിമൊയ്തീൻ കുട്ടി, പി.ടി.എ പ്രസിഡന്റ് സക്കീർ വല്ലാഞ്ചിറ, വൈസ് പ്രസിഡന്റ് അജ്മൽ സുഹീദ്, യതീംഖാന പ്രസിഡന്റ് എ. മുഹമ്മദലി, പ്രിൻസിപ്പൽ സി.കെ. സാലിഹ്, ജില്ല എച്ച്.എസ്.എസ് മാത്ത്സ് അസോസിയേഷൻ രക്ഷാധികാരി എസ്. ശ്രീനിവാസൻ, പി.എം. അബ്ദുന്നാസർ, പി.പി. റസാഖ്, ഹസ്കർ, കെ.പി. അബ്ദുൽ ബഷീർ എന്നിവർ സംസാരിച്ചു.
സ്വാഗതസംഘം കൺവീനർ കെ.എം.എ. ഷുക്കൂർ സ്വാഗതവും പ്രധനാധ്യാപകൻ എം. അൻവർ ഷക്കീൽ നന്ദിയും പറഞ്ഞു. 24 ലക്ഷം രൂപ ചെലവഴിച്ച് തടപ്പറമ്പിൽ രണ്ടും ചെങ്ങണയിൽ ഒരുവീടുമാണ് നിർമിച്ചത്. ഇതിൽ ഒരെണ്ണത്തിന്റെ നിർമാണച്ചെലവ് ജില്ല ഹയർ സെക്കൻഡറി മാത്ത്സ് ടീച്ചേഴ്സ് അസോസിയേഷനാണ് വഹിച്ചത്.