മലപ്പുറം: താനൂർ കസ്റ്റഡി കൊലപാതക കേസിൽ പ്രതി ചേർക്കപ്പെട്ട നാല് പൊലീസ് ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും. ബുധനാഴ്ച രാവിലെ 11ഓടെ മഞ്ചേരി ജില്ല സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. അഡ്വ. ശ്രീധരൻ നായരാണ് പൊലീസ് ഉദ്യോഗസ്ഥർക്കായി ഹാജരാകുന്നതെന്നാണ് വിവരം.
സെപ്റ്റംബർ അഞ്ചിനാണ് ഒന്നാംപ്രതി താനൂര്‍ സ്റ്റേഷനിലെ എസ്.സി.പി.ഒ ജിനേഷ്, രണ്ടാം പ്രതി പരപ്പനങ്ങാടി സ്റ്റേഷനിലെ സി.പി.ഒ ആല്ബിന് അഗസ്റ്റിന്, മൂന്നാം പ്രതി കല്പകഞ്ചേരി സ്റ്റേഷനിലെ സി.പി.ഒ അഭിമന്യൂ, നാലാം പ്രതി തിരൂരങ്ങാടി സ്റ്റേഷനിലെ സി.പി.ഒ വിപിന്‍ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ മഞ്ചേരി ജില്ല കോടതിയിലെത്തിയത്. കേസ് ഉടൻ സി.ബി.ഐക്ക് കൈമാറണമെന്ന് കഴിഞ്ഞദിവസം ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നാണ് വിവരം. അതേസമയം, പ്രതികൾ ഒളിവിലായതിനാൽ പിടികൂടാനായിട്ടില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.
ആഗസ്റ്റ് 26നാണ് നാല് പൊലീസ് ഉദ്യോഗസ്ഥരെ പ്രതിചേർത്ത് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. കൊലപാതകം, അന്യായ തടങ്കൽ, ഭയപ്പെടുത്തി കുറ്റം സമ്മതിപ്പിക്കാൻ തടഞ്ഞുവെക്കുക, ഭയപ്പെടുത്തി മർദിച്ച് കുറ്റം സമ്മതിപ്പിക്കല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ആയുധം ഉപയോഗിച്ച് മര്‍ദിച്ച് ഗുരുതര പരിക്ക് ഏല്‍പ്പിക്കല്‍, സംഘം ചേര്‍ന്നുള്ള കുറ്റകൃത്യം തുടങ്ങിയ ഗുരുതര വകുപ്പുകളായിരുന്നു പ്രതികൾക്കെതിരെ ചുമത്തിയത്. ജൂലൈ 31നാണ് ലഹരികേസിൽ താമിർ ജിഫ്രിയെയും സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ആഗസ്റ്റ് ഒന്നിന് പുലർച്ച കസ്റ്റഡിയിലിരിക്കെ താമിർ ജിഫ്രി മരിച്ചു. താമിറിന് ക്രൂര മർദനമേറ്റതായി പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.വലിയ പ്രതിഷേധങ്ങൾക്കൊടുവിലാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.