കൊണ്ടോട്ടി: കിഫ്ബി, അമൃത് പദ്ധതികള്‍ പ്രകാരം കൊണ്ടോട്ടി നഗരസഭ പരിധിയില്‍ നടപ്പാക്കുന്ന ജലവിതരണ പദ്ധതികള്‍ വേഗത്തിലാക്കാന്‍ ടി.വി. ഇബ്രാഹിം എം.എല്‍.എ വിളിച്ചുചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നഗരസഭാധികൃതരുടെയും സംയുക്ത യോഗത്തില്‍ തീരുമാനം.
കൊണ്ടോട്ടി നഗരസഭക്ക് മാത്രമായി കിഫ്ബിയില്‍നിന്നും 108 കോടി രൂപയാണ് കുടിവെള്ള പദ്ധതികള്‍ക്കായി അനുവദിച്ചത്. ഇത് അഞ്ച് പാക്കേജുകളാക്കി തിരിച്ചാണ് പദ്ധതി ആവിഷകരിച്ചത്.നിലവില്‍ ചീക്കോട് പദ്ധതിക്ക് വേണ്ടി സ്ഥാപിച്ച പമ്പിങ് സ്റ്റേഷനില്‍നിന്ന് 16.85 കോടി രൂപയുടെ ഒന്നാം പാക്കേജ് പൂര്‍ത്തീകരിച്ച് കഴിഞ്ഞു.രണ്ടും മൂന്നും പാക്കേജുകളില്പെട്ട 14.9 കോടി രൂപയുടെയും 13.04 കോടി രൂപയുടെയും 90 ശതമാനത്തിലധികം പ്രവൃത്തികളും പൂര്‍ത്തീകരിച്ചതായി യോഗം വിലയിരുത്തി.
മേലങ്ങാടി ടാങ്ക്, വിതരണ പൈപ്പ്ലൈന്, കുമ്പളപ്പാറ, കാളോത്ത് ടാങ്കുകള്‍, ചീക്കോട് നിന്നുള്ള പ്രധാന പൈപ്പ്ലൈന് പ്രവൃത്തികള്‍ എന്നിവ പൂര്‍ത്തിയാക്കിയതില്‍ ഉള്‍പ്പെടും. നഗരസഭ പരിധിയില്‍ ഏറ്റവും കൂടതല്‍ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന എന്‍.എച്ച് കോളനി, കോട്ടാശ്ശേരി, മുസ്ലിയാരങ്ങാടി തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള 21.61 കോടി രൂപയുടെ ടെൻഡര്‍ നാലുതവണ വിളിച്ചിട്ടും ആരും എടുത്തിട്ടില്ല. അഞ്ചാം തവണ ടെൻഡര്‍ ചെയ്തപ്പോള്‍ രേഖപ്പെടുത്തിയ തുക അധികമായതിനാല അധികൃതര്‍ നിരസിച്ചു.
ഇതേതുടര്‍ന്ന് ഈ കാര്യത്തില്‍ എന്ത് തുടര്‍നടപടി സ്വീകരിക്കണമെന്ന് ചര്‍ച്ചചെയ്യാന്‍ എം.എല്‍.എയുടെ നിർദേശപ്രകാരം തിരുവനന്തപുരത്ത് കിഫ്ബി ആസ്ഥാനത്ത് സെപ്റ്റംബര്‍ അഞ്ചിന് ഇന്നത യോഗം വിളിച്ചിട്ടുണ്ട്.നാലാം പാക്കേജില്‍ ദേശീയപാതയില്‍ മുസ്ലിയാരങ്ങാടി മുതല്‍ കൊട്ടപുറം വരെ എട്ട് കിലോമീറ്റര്‍ ദൂരം റോഡിന്റെ ഇരുഭാഗങ്ങളിലും പൈപ്പിടുന്നതിന് ദേശീയപാത അതോറിറ്റിയുടെ അനുമതി ലഭിച്ചിരുന്നില്ല.
എന്നാല്‍ എം.എല്‍.എ, ജലവിഭവ മന്ത്രി, മുഖ്യമന്ത്രി എന്നിവരുടെ ഇടപെടല്‍കാരണം കേന്ദ്ര സര്‍ക്കാറുമായി ബന്ധപ്പെടതിനെ തുടര്‍ന്ന് കടുത്ത നിബന്ധനകളോടെ അനുമതിയായിട്ടുണ്ട്.ദേശീയപാതയില്‍ സ്റ്റാര്‍ ജങ്ഷനില്‍ ഒരു ക്രോസിങ്ങിന് അനുമതി ലഭിച്ചാല്‍ തന്നെ മേലങ്ങാടി ടാങ്കില്‍നിന്ന് നിരവധി പേര്‍ക്ക് കുടിവെള്ളം ലഭിക്കുന്നതിനാൽ ഇതിന്റെ നടപടി ക്രമങ്ങള്‍ വേഗത്തിലാകുന്ന തിന് ദേശീയപാത പ്രൊജക്ട് ഡയറക്ടറെ നേരില്‍ കാണാനും തീരുമാനമായി.