അരീക്കോട്: താലൂക്ക് ആശുപത്രി ലബോറട്ടറിയിലെ ബയോ കെമിസ്ട്രി യന്ത്രം തകരാറിലായിട്ട് രണ്ടാഴ്ച്ച പിന്നിടുന്നു. ഷുഗർ, കൊളസ്ട്രോൾ, യൂറിക്കാസിഡ് ഉൾപ്പെടെ പരിശോധിക്കുന്ന യന്ത്രമാണ് തകരാറിലായത്. ലാബിനെ ആശ്രയിച്ചിരുന്ന സാധാരണക്കാരായ നിരവധി രോഗികളാണ് ദുരിതത്തിലായത്.
സ്വകാര്യ ലാബുകളെയാണ് നിലവിൽ രോഗികൾ ആശ്രയിക്കുന്നത്. തകരാർ പരിഹരിക്കാൻ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടാവുന്നില്ലെന്നും രോഗികൾ പറയുന്നു. ആശുപത്രിയിലെ പഴയ കെട്ടിടത്തിൽ സ്ഥിതി ചെയ്യുന്ന ലബോറട്ടറിയിലെ പഴയ വയറിങ്ങിന്റെ തകരാറാണ് യന്ത്രത്തിന് കേട് സംഭവിക്കാൻ ഇടയാക്കിയത്.
തകരാറിലായി കുറഞ്ഞ ദിവസം കൊണ്ട് തന്നെ ഇതിന്‍റെ കമ്പനി അധികൃതരെ വിളിച്ചുവരുത്തിയിരുന്നു. ഇവിടെനിന്ന് പരിഹരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ തകരാറിലായ ഭാഗം എറണാകുളത്തേക്ക് കൊണ്ടുപോയിട്ടുണ്ട്. ഇത് ഉടൻ ലഭിക്കുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.