പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭയിൽ 2021-22 വാർഷിക കണക്കെടുപ്പ് തയാറാക്കുന്നതുമായി ബന്ധപ്പെട്ട് ക്രമക്കേടും സാമ്പത്തിക തിരിമറിയും നടന്നതായി ഓഡിറ്റ് റിപ്പോർട്ട്.നഗരസഭയുടെ ബാങ്ക് സ്റ്റേറ്റ്മെന്‍റ്, കാഷ് ബുക്ക് എന്നിവ പരിശോധിച്ചപ്പോഴാണ് തിരിമറി കണ്ടെത്തിയത്. കെട്ടിട നികുതി, സേവന നികുതി എന്നിവയുൾപ്പെടെയുള്ള വരുമാനങ്ങൾ അതത് ദിവസംതന്നെ നഗരസഭയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുന്ന കാര്യത്തിൽ വീഴ്ച വരുത്തിയതാണ് ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്.
ഓഫിസ് അസിസ്റ്റന്‍റ് പ്രദീഷ് , അന്ന് സെക്രട്ടറിയുടെ താൽക്കാലിക ചുമതല വഹിച്ചിരുന്ന നിലവിലെ ഓഫിസ് സൂപ്രണ്ട് പ്രശാന്ത് എന്നിവർക്കെതിരെയാണ് ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശമുള്ളത്. അതേസമയം, നഗരസഭക്ക് ഉദ്യോഗസ്ഥർ സാമ്പത്തിക നഷ്ടമുണ്ടാക്കിയിട്ടില്ലെന്ന് സെക്രട്ടറി സാനന്ദ സിങ് മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിദിന വരുമാനം സമയബന്ധിതമായി അക്കൗണ്ടിൽ നിക്ഷേപിക്കുന്ന കാര്യത്തിൽ പ്രദീഷും പ്രശാന്തും വീഴ്ചവരുത്തിയതായുള്ള ഓഡിറ്റിങ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചൊവ്വാഴ്ച ഉച്ചക്ക് ശേഷം ഓഡിറ്റ് റിപ്പോർട്ട് കിട്ടിയാലുടൻ ചേരുന്ന യോഗത്തിൽ റിപ്പോർട്ടിൽ പരാമർശിച്ച ഉദ്യോഗസ്ഥവീഴ്ച ഉൾപ്പെടെ ചർച്ച ചെയ്യുമെന്നും നഗരസഭ ചെയർമാൻ എ. ഉസ്മാൻ പറഞ്ഞു.
പ്രതിദിന കളക്ഷൻ ബാങ്കിൽ അടക്കുന്നതിൽ ഉദ്യോഗസ്ഥർ വീഴ്ച്ച വരുത്തിയെന്നും ,ഇത് പരിശോധിക്കുന്നതിൽ നഗരസഭാ അധികൃതരുടെ ഭാഗത്ത് വലിയ വീഴ്ചയാണ് ഉണ്ടായതെന്നും, സമയബന്ധിതമായി അക്കൗണ്ടിൽ പണമടക്കാതിരുന്ന ഗുരുതര വീഴ്ചയും ക്രമക്കേടുമാണ് ഓഡിറ്റിങ്ങിലൂടെ പുറത്തുവന്നതെന്നും ഇടതുപക്ഷ സഭ കക്ഷി നേതാവ് ടി .കാർത്തികേയൻ ആരോപിച്ചു
വാർത്തകൾക്കായി ഉടൻ ഗ്രുപ്പിൽ ജോയിൻ ചെയ്യൂ >> https://chat.whatsapp.com/JvfOsCf1boiBUUGiWUviNb
മലപ്പുറം ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപെടുക : 9745150140