തിരൂർ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി കവർച്ച: മൂന്നംഗ സംഘം അറസ്റ്റിൽ

തിരൂർ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി കവർച്ച: മൂന്നംഗ സംഘം അറസ്റ്റിൽ

തിരൂർ: തിരൂർ സ്വദേശിയായ യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച മൂന്നംഗ സംഘത്തെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു.തിരൂർ ബി.പി അങ്ങാടി സ്വദേശികളായ പുളിമ്പെട്ടി പറമ്പിൽ സിറാജുദ്ദീൻ (30), ഇടപ്പയിൽ വിപിൻ (30), അരീപറമ്പിൽ അയാസ് (35) എന്നിവരാണ് തിരൂർ പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് പുതിയങ്ങാടി ജാറത്തിനുസമീപം നിന്നിരുന്ന തിരൂർ സ്വദേശിയായ ജംഷീറിനെയാണ് മൂന്നംഗ സംഘം ബലംപ്രയോഗിച്ച് തട്ടികൊണ്ട് പോയി കാറിൽവെച്ച് മർദിച്ച് അവശനാക്കി 70,000 രൂപയും എ.ടി.എം കാർഡും മൊബൈൽ ഫോണും കവർന്നത്. ജംഷീറിനെ പ്രതികൾ ഒരുദിവസം ആലിങ്ങലിലുള്ള റൂമിൽ തടങ്കലിൽ വെക്കുകയും ചെയ്തു.

തുടർന്ന് താനൂരിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ വാഹനം നിർത്തിയപ്പോൾ ജംഷീർ പ്രതികളുടെ പിടിയിൽനിന്ന് രക്ഷപ്പെട്ട് തിരൂർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.ഇതെതുടർന്ന് പൊലീസ് ബി.പി അങ്ങാടിയിൽ പ്രതികളെ കാറിൽനിന്നും സാഹസികമായി പിടികൂടുകയായിരുന്നു.

തിരൂർ ഡിവൈ.എസ്.പി കെ.എം. ബിജുവിന്റെ നിർദേശപ്രകാരം സി.ഐ എം.ജെ. ജിജോ, എസ്.ഐ വി. ജിഷിൽ, സീനിയർ സി.പി.ഒ ജിനേഷ് സി.പി.ഒമാരായ അനിൽകുമാർ, ശ്രീജിത്ത് എന്നിവർ ചേർന്നാണ് പിടികൂടിയത്. അറസ്റ്റിലായ വിപിൻ വധശ്രമം, അടിപിടി, തട്ടിക്കൊണ്ടുപോകൽ തുടങ്ങി നിരവധി കേസുകളിലെ പ്രതിയും ഗുണ്ട ലിസ്റ്റിൽ ഉൾപ്പെടുത്തി പൊലീസ് നിരീക്ഷിച്ചുവരുന്ന ആളാണെന്നും മറ്റുപ്രതികൾക്കെതിരെ ഗുണ്ട നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. പ്രതികളെ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *