മഞ്ചേരി: ഒടുവിൽ അധികൃതർ കണ്ണുതുറന്നു. ആനക്കയത്ത് കടലുണ്ടിപ്പുഴയിൽ തടയണ നിർമാണം ആരംഭിച്ചു. പമ്പ് ഹൗസിനോട് ചേർന്നുള്ള തടയണയിൽ ചീർപ്പ് സ്ഥാപിക്കുന്ന പ്രവൃത്തിയാണ് ആരംഭിച്ചത്.
നിലവിെല ബണ്ടിൽ മരംകൊണ്ടുള്ള ചീർപ്പ് സ്ഥാപിക്കും. പിന്നീട് ചാക്കുകളിൽ മണ്ണ് നിറച്ച് ഷട്ടറുകൾക്കിടയിൽ സ്ഥാപിക്കുകയാണ് ചെയ്യുക. 18 ചീർപ്പ് സ്ഥാപിക്കാനുള്ള സ്ഥലമാണ് ബണ്ടിനുള്ളത്. ഇതിൽ 15 എണ്ണം പൂർത്തിയായി.
ചാക്കുകളിൽ മണ്ണ് നിറക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്. ഇത് പൂർത്തിയായാൽ ബാക്കി മൂന്നെണ്ണംകൂടി സ്ഥാപിച്ച് വെള്ളം പൂർണമായും കെട്ടിനിർത്തുമെന്നും രണ്ട് ദിവസത്തിനകം പ്രവൃത്തി പൂർത്തിയാക്കുമെന്നും കരാറുകാരൻ പറഞ്ഞു. മുൻ വർഷങ്ങളിൽ ഡിസംബർ പകുതിയോടെതന്നെ തടയണ നിർമാണം പൂർത്തിയാക്കിയിരുന്നു. എന്നാൽ, ഇത്തവണ ഒരുമാസം വൈകിയാണ് പ്രവൃത്തി ആരംഭിച്ചത്.
പുഴയിൽ നീരൊഴുക്ക് കുറഞ്ഞ് പിന്നീട് ചീർപ്പ് സ്ഥാപിച്ചാൽ ഇതിന്‍റെ ഗുണം ലഭിക്കില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു. വെള്ളം തടഞ്ഞുനിർത്തുന്നതോടെ മൂന്ന് കി.മീറ്ററോളം ദൂരം സമൃദ്ധമായി വെള്ളം ലഭിക്കും. നിരവധി കുടുംബങ്ങൾക്കും കൃഷിയിടങ്ങളിലേക്കും വെള്ളം പമ്പ് ചെയ്യാനും സാധിക്കും. ഇവിടെയുള്ള പമ്പ് ഹൗസിൽനിന്നാണ് ആനക്കയം പഞ്ചായത്തിലേക്കും മഞ്ചേരി നഗരസഭയുടെ ചില ഭാഗങ്ങളിലേക്കും വെള്ളം പമ്പ് ചെയ്യുന്നത്.