മഞ്ചേരി: പെൺകുട്ടികൾ കരുത്തുള്ളവരാണെന്നും സമൂഹത്തെ മാറ്റിമറിക്കേണ്ടത് കലാലയങ്ങളാണെന്നും നടി മഞ്ജുവാര്യർ. മഞ്ചേരി കൊരമ്പയിൽ അഹ്മദ് ഹാജി മെമ്മോറിയൽ യൂനിറ്റി വനിത കോളജ് യൂനിയൻ സംഘടിപ്പിച്ച സാംസ്കാരിക സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
മലബാറിന്റെ പെൺകരുത്തിന്റെ പ്രതീകമായ നിലമ്പൂർ ആയിഷയുടെ ജീവിതം പ്രമേയമാക്കിയ ‘ആയിഷ’ എന്ന സിനിമയെക്കുറിച്ചും അവർ സംസാരിച്ചു. സംവിധായകനും നിർമാതാവുമായ സക്കരിയ മുഹമ്മദ്, സംവിധായകൻ ആമിർ പള്ളിക്കൽ, തിരക്കഥാകൃത്ത് ആഷിഫ് കക്കോടി, നടനും നിർമാതാവുമായ ശംസുദ്ദീൻ എന്നിവർ മുഖ്യാതിഥികളായി.
കോളജ് യൂനിയൻ ചെയർപേഴ്സൻ മിന്നത്ത് ബീവി, ജനറൽ സെക്രട്ടറി അശ്വതി, പ്രിൻസിപ്പൽ ഡോ. കെ.കെ. മുഹമ്മദ് ബഷീർ ഉമ്മത്തൂർ, യൂനിയൻ അഡ്വൈസർ ആനി നൈനാൻ, മാനേജർ ഒ. അബ്ദുൽ അലി, ഡോ. വി. ഹിക്മത്തുല്ല, ഷഹന, കീർത്തന, സൽഹ മറിയം എന്നിവർ സംസാരിച്ചു.